മക്ക - വിശുദ്ധ നഗരം ആതിഥ്യമരുളിയ ദ്വിദിന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം സമാപിച്ചു. 85 രാഷ്ട്രങ്ങളില്‍നിന്നു 150 പണ്ഡിതരും അക്കാദമിക് വിദഗ്ധരും മുഫ്തിമാരും പങ്കെടുത്ത സമ്മേളനം പ്രമേയംകൊണ്ടും അവതരിപ്പിക്കപ്പെട്ട വിഷയങ്ങള്‍കൊണ്ടും ആഗോളശ്രദ്ധ നേടി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലതു തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചും വംശീയ ഉന്മൂലന ഭീഷണി മുഴക്കിയും ഇസ്‌ലാമിനെതിരെ ആക്രമണം അഴിച്ചു വിടുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിക ലോകത്തിന്റെ ആത്മീയ കേന്ദ്രമായ മക്കയില്‍നിന്നു വിവേകത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ഉയര്‍ന്നത്.
ലോകത്തെ ഇസ്‌ലാമിക സംഘടനകളും മുസ്‌ലിം കൂട്ടായ്മകളും ഇസ്‌ലാമിക സാഹോദര്യം ശക്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കണമെന്നും ഭിന്നതയും വിഭാഗീയതയും വെടിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പ്രസരിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഇസ്‌ലാമിക കൂട്ടായ്മകളുടെ പ്രവര്‍ത്തനം ഊഷ്മളമായ ബന്ധത്തിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ സൗദി ഭരണകൂടം കാണിക്കുന്ന ശ്രമങ്ങളെ സമ്മേളനം വിലമതിച്ചു. മതത്തെ ശരിയായി മനസ്സിലാക്കി ഫത്‌വകള്‍ നല്‍കണമെന്നും അത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നതാവരുതെന്നും സമ്മേളനം ഉദ്‌ബോധിപ്പിച്ചു. ഇസ്‌ലാമിക സംഘടനകള്‍ അവരുടെ പണ്ഡിതര്‍ക്കും പ്രഭാഷകര്‍ക്കും ഇസ്‌ലാമിന്റെ മധ്യമ നിലപാട് ഓര്‍മ്മിപ്പിക്കണം. തീവ്രതക്കും അതിരു കവിയലിനുമെതിരെ നിരന്തരം ബോധവല്‍ക്കരിക്കണം.
ഖുര്‍ആന്‍ കത്തിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നത് മാനവിക ഐക്യം തകര്‍ക്കുന്നതാണെന്നു പ്രഖ്യാപിച്ച സമ്മേളനം അത്തരം പ്രവൃത്തികളെ അപലപിച്ചു.
ഇന്ത്യയില്‍നിന്നും വിവിധ മേഖലകളില്‍ പ്രമുഖരായ എട്ട് പണ്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവരായിരുന്നു സമ്മേളനത്തിലെ മലയാളി സാന്നിധ്യം.