കോട്ടയം - ബി.ജെ.പികൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ മത്സര ചിത്രം തെളിഞ്ഞു. പാമ്പാടിയില്‍ നടത്തിയ കണ്‍വെന്‍ഷനോടെ പ്രചാരണത്തില്‍ യു.ഡി.എഫ് ഒരുപടി മുന്നിലെത്തി. ആവേശവും ആഹ്ലാദവും നിറഞ്ഞ നേതാക്കളേയും പ്രവര്‍ത്തകരെയുമാണ് കണ്‍വെന്‍ഷനില്‍ കണ്ടത്. ഒരു പരാജയഭീതിയുമില്ലാതെ, ചിട്ടയോടും അതിവേഗത്തിലുമാണ് യു.ഡി.എഫ് നീക്കം. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അല്‍പം അമാന്തമുണ്ടായത് എല്‍.ഡി.എഫിനെ അല്‍പം പിന്നിലാക്കി.
പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജില്ലാ അധ്യക്ഷന്‍ ജി.ലിജിന്‍ ലാല്‍ തന്നെയാണ്. ആലുവയിലെ കോര്‍കമ്മറ്റി യോഗശേഷവും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേന്ദ്രനേതൃത്വമാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പ്രാദേശിക നേതാക്കള്‍ മത്സരിക്കട്ടെ എന്ന നിലപാടിലായിരുന്നു ജില്ലാ ഘടകം. ഒടുവില്‍ ജില്ലാ അധ്യക്ഷന്‍ തന്നെ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ാേവൈകുന്നേരം റോഡ് ഷോയോടെ ലിജിന്‍ ലാല്‍ പ്രചാരണം ആരംഭിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജില്ലയില്‍ ബി.ജെ.പി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു.
ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫായിരുന്നു. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ് ജെയ്ക് സി. തോമസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാര്‍ഥികളുടെ പൂര്‍ണചിത്രം തെളിഞ്ഞു.
അതിനിടെ യു.ഡി.എഫ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. പ്രചാരണ കണ്‍വെന്‍ഷന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തതോടെ മുന്നണി പൂര്‍ണ സജ്ജമായി. പതിവിന് വിപരീതമായി ഇടതുമുന്നണി തുടക്കത്തില്‍ അല്‍പം പിന്നിലായെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മുന്നിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.