Sorry, you need to enable JavaScript to visit this website.

വാളയാറിലെ സഹോദരിമാരുടെ മരണം; പ്രതികളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ

പാലക്കാട്- വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തിൽ പ്രതികളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ, പാലക്കാട് പോക്‌സോ കോടതിയിൽ ഹർജി നൽകി. പ്രതികളുടെ ശബ്ദ സാമ്പിളുകളും മൊബൈൽ ഫോണുകളും വിശദമായി പരിശോധിക്കുന്നതിന് ഹൈദരാബാദിലെ ലാബിലേക്ക് അയക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരുന്നതിന് ശാസ്ത്രീയമായ പരിശോധന ആവശ്യമാണ് എന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. 2021ലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. നേരത്തേ ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചായിരുന്നു സി.ബി.ഐയുടേയും അന്വേഷണം. പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിനുള്ള തെളിവുകളൊന്നും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ 2022ൽ സി.ബി.ഐ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടു കുട്ടികളും ആത്മഹത്യ ചെയ്തതാണ് എന്നാണ് അതിലും വ്യക്തമാക്കിയിരുന്നത്. മരിച്ച കുട്ടികളുടെ അമ്മയുടെ ആവശ്യപ്രകാരം കോടതി കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. 2017 ജനുവരി ഏഴ്, മാർച്ച് നാല് എന്നീ ദിവസങ്ങളിലാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ അട്ടപ്പള്ളത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Latest News