തലശ്ശേരി- പാനൂരിൽ തെരുവ് നായ അക്രമത്തിൽ ആറ് പേർക്ക് കടിയേറ്റു. പാനൂർ പാലക്കുൽ കുന്നോത്ത് പറമ്പ് ഭാഗങ്ങളിലാണ് അക്രമകാരിയായ തെരുവ്‌നായയുടെ പരാക്രമം നടന്നത്. നായയുടെ കടിയേറ്റ ഒമ്പതുകാരനായ മദ്രസ വിദ്യാത്ഥിയും മദ്രസാ അദ്ധ്യാപകനും വയോധികയും ഉൾപെടെ ആറ് പേരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കൂൽ തിരുവാൽ മദ്രസയിലെ വിദ്യാർത്ഥി മീനോത്ത് അബ്ദുല്ല (9),മദ്രസാ അധ്യാപകൻ ഉവൈസ് (24), പാലക്കൂലിലെ കുങ്കന്റവിട ദേവി (80), കരുവാന്റവിടെ വിപിൻ (35), മൊട്ടേമ്മൽ കെ.എം.കുഞ്ഞിരാമൻ (79), പ്രമോദ്(26)എന്നിവർക്കാണ് നായയുടെ കടിയേറ്റത.് ഭൂരിഭാഗം പേർക്കും മുഖത്തും കൈകാലുകൾക്കുമാണ് കടിയേറ്റത്. മദ്രസ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് വിദ്യാർത്ഥിക്ക് കടിയേറ്റത്. വീട്ടുമുറ്റത്തെ പത്രം എടുക്കുന്ന സമയത്താണ് ദേവിയെ ആക്രമിച്ചത്. ജോലിക്ക് പോവുന്നതിനിടയിൽ റോഡിൽ വച്ചാണ് വിപിനെ നായ കടിച്ചത്. മേഖലയിൽ പശുക്കൾക്കും, നായകൾക്കും പരക്കെ കടിയേറ്റിട്ടുണ്ട്. അക്രമകാരിയായ നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു.