Sorry, you need to enable JavaScript to visit this website.

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവ് 

തൃശൂർ-കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് മൂന്ന് വർഷം  കഠിന തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടക്കണം. തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജി പ്രകാശൻ എന്നയാളുടെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് കെട്ടിട നമ്പർ ലഭിക്കുന്നതിനായി സമർപ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നൽകാൻ ഇയാൾ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനോട് നേരത്തെ വാങ്ങിയ 6000 രൂപക്ക് പുറമെ ആയിരുന്നു വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതും കയ്യോടെ പിടിക്കപ്പെട്ടതും. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയായിരുന്ന സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് അബ്ദുൾ ഹക്കീമിനെ പിടികൂടിയത്. ഡിവൈ.എസ്.പി ആയിരുന്ന കെ സതീശനാണ് അന്വേഷണം പൂർത്തികരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതിയായ അബ്ദുൾ ഹക്കീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൃശൂർ വിജിലൻസ് കോടതി ജഡ്ജ് ജി. അനിൽ രണ്ട് വകുപ്പുകളിലായാണ് മൂന്ന് വർഷം  കഠിന തടവിനും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കഠിനതടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പിഴസംഖ്യ അടക്കാത്തപക്ഷം ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ സ്റ്റാലിൻ ഹാജരായി.

Latest News