Sorry, you need to enable JavaScript to visit this website.

നവാബ് സേട്ടിന് ദേശീയപതാക വിൽപ്പനച്ചരക്കല്ല; രാജ്യസ്‌നേഹത്തിന്റെ പ്രതീകം

ആലപ്പുഴ-ആറ് പതിറ്റാണ്ടുമുമ്പ് പിതാവ് തുടങ്ങിയ ദേശീയപതാകയുടെ വിൽപ്പന നവാബ് സേട്ട് ഇന്നും തുടരുന്നത് ലാഭം മോഹിച്ചല്ല. രാജ്യത്തോടുള്ള അതിരറ്റസ്‌നേഹത്തിന്റെ പ്രതിഫലനമാണ്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എത്തിയാൽ സേട്ടിന്റെ കടയിൽ നിന്ന് അശോകചിഹ്നം ആലേഖനം ചെയ്ത ത്രിവർണ പതാക വാങ്ങാനാളെത്തും. വിറ്റ് ലാഭമൊന്നുമുണ്ടാക്കാനാകില്ലെങ്കിലും പതാകയുടെ വിപണനം മനസിന് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് സേട്ട് സാക്ഷ്യപ്പെടുത്തുന്നു. ആലപ്പുഴ സിവിൽ സ്‌റ്റേഷൻ വാർഡിലെ അറുപത് വർഷം പഴക്കമുള്ള നവാബ് സേട്ടിന്റെ ചെറിയ കടയിൽ ചെറുതും വലുതുമായ നൂറ്കണക്കിന് ദേശീയ പതാകകൾ വിൽപനയ് ക്കായി നിരത്തി വച്ചിട്ടുണ്ട്.
മൂന്ന് രൂപ മുതൽ മുപ്പത് രൂപ വരെ വില വരുന്ന കൊടികളാണ് ഇവിടെ വിൽക്കുന്നത്. ഓഗസ്റ്റ് പിറന്നാൽ നവാബ് സേട്ടിന്റെ കടയിൽ ആകർഷകമായ രീതിയിൽ ദേശീയ പതാകകൾ കൂട്ടിവെച്ചിരിക്കുന്നത് കാണാം. ദേശീയ പതാകയുടെ ഈ വിൽപനയിൽ ലാഭമെന്ന് പറയാൻ ഒന്നുമില്ല. രാജ്യ സ്വാതന്ത്യദിനമായ ആഗസ്റ്റ് 15 ന്റെ സന്തോഷം ജനങ്ങളുമായി പങ്കിടുക എന്നത് മാത്രമാണ് തന്റെ മനസിലുള്ള വികാരമെന്ന് സേട്ട് പറയുന്നു. കച്ഛിമേമൻ വിഭാഗത്തിൽ പെട്ട നവാബ് സേട്ടിന്റെ പിതാവ് ബാപ്പു സേട്ടും ഉപ്പൂപ്പ ഫക്കീർ സേട്ടും സക്കറിയാ ബസാറിലെ പ്രമുഖ കച്ചവടക്കാരായിരുന്നു. ഫക്കീർ സേട്ട് പലവ്യഞ്ജന മൊത്തവ്യാപാരിയായിരുന്നു. മകൻ ബാപ്പു സേട്ടിലേക്കെത്തിയപ്പോൾ കച്ചവടം സ്‌റ്റേഷനറി കടയിലേക്ക് വഴിമാറി. ബാപ്പയുടെ മരണ ശേഷം കടയുടെ ചുമതലക്കാരൻ മകൻ നവാബ് സേട്ടായി. അടിയുറച്ച കോൺഗ്രസ് കാരാണ് നവാബ് സേട്ടും കുടുംബവും. 1947 ആഗസ്റ്റ് 15 രാജ്യം സ്വാതന്ത്യ പുലരി കണ്ടപ്പോൾ ആലപ്പുഴക്കാർ അത് ആഹ്‌ളാദ സുദിനമാക്കിയതിന്റെ കഥ ബാപ്പയിലൂടെ നവാബ് സേട്ട് കേട്ടറിഞ്ഞിട്ടുണ്ട്. ബാപ്പയാണ് കൊടി കച്ചവടം തുടങ്ങിവെച്ചത്. അറുപത് വർഷമായി. അതിന്നും മുടങ്ങിയിട്ടില്ല.ഇനി എന്റെ ആയുസുള്ള കാലം വരേക്കും മുടങ്ങുകയുമില്ലനവാബ് സേട്ടിന്റെ ദേശസ്‌നേഹം നിറ ഞ്ഞ് തുളുമ്പുന്ന വാക്കുകൾ. റിപ്പബ്ലിക് ദിനമായ ജനുവരി 26 നും ദേശീയ പതാകയുടെ വിൽപനയുണ്ട്. മറ്റൊരു പതാകയും താനിത് വരെ വിൽപ്പന നടത്തിയിട്ടില്ലെന്ന് നവാബ് സേട്ട് പറഞ്ഞു.വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടകളുടെയും ജില്ലാ സമ്മേളനങ്ങൾ തൊട്ട് സംസ്ഥാന സമ്മേളനങ്ങൾ വരെ ആലപ്പുഴയിൽ വെച്ച് നടന്നിട്ടുണ്ട്.നഗരത്തിലെ ചെറുതും വലുതുമായ സ്‌റ്റേഷനറി കടകളിലൊക്കെ അപ്പോഴെല്ലാം കൊടിതോരണങ്ങളുടെ വൻ വിൽപന യാണ് നടക്കുന്നത്. അതൊന്നും സേട്ട് വിൽക്കാറില്ല. ദേശീയ പതാക കടയിൽ നിരത്തി വെച്ചിരിക്കുന്നത് കാണുമ്പോൾ അത് വാങ്ങാൻ വരുന്നവരുടെ മുഖങ്ങളിലേക്ക് നോക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് സേട്ട് പറയുന്നു. 

ഫോട്ടോ 
സക്കരിയ്യ ബസാറിലെ കടയിൽ ദേശീയപതാകയുമായി നവാബ് സേട്ട്. 

Latest News