തൃശൂർ-തൃശൂരിൽ ബസ് ജീവനക്കാരനെ മർദിച്ച പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. തൃശൂർ വെസ്റ്റ് സ്‌റ്റേഷനിലെ പോലീസുകാരൻ സുഫീറിനെയാണ് സസ്‌പെന്റ് ചെയ്തത്. കാഞ്ഞാണി റൂട്ടിലെ യാത്ര ദർശ് ബസിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് മർദ്ദിച്ചത്. ബസ് ജീപ്പിലിടിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പോലീസ് ബസ് തടഞ്ഞ് നിർത്തുകയും ജീപ്പിലുണ്ടായിരുന്ന എസ്.ഐ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ ജീപ്പിലെ ഡ്രൈവറായിരുന്ന സുഫീർ ഇറങ്ങി വന്ന് ബസ് ഡ്രൈവറുടെ ചെകിടത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് ജിതിന്റെ ചെവിയിൽ നിന്ന് ചോരയൊഴുകിയതിനെ തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരനെ മർദ്ദിച്ച പോലിസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഞായറാഴ്ച തൃശൂർകാഞ്ഞാണി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. ബസുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും പോലീസുമായി നടത്തിയ ചർച്ചയിൽ ഡ്രൈവറെ മർദിച്ച പോലീസുകാരനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു പണിമുടക്ക് പിൻവലിച്ചത്. പോലീസുകാരനിൽ നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.