ന്യൂദല്‍ഹി- യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 83.11 എന്ന നിലയിലെത്തി. വിദേശ ഫണ്ടുകളുടെ ഒഴുക്കും പ്രാദേശിക യൂണിറ്റിനെ ബാധിച്ചതായി വിശകലന വിദഗ്ധര്‍ പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ ആഭ്യന്തര യൂണിറ്റ് ഡോളറിനെതിരെ 83.04-ലാണ് ആരംഭിച്ചത്. ഒടുവില്‍ അത് 83.11ല്‍ ക്ലോസ് ചെയ്തു. മുമ്പത്തെ ക്ലോസിനേക്കാള്‍ 29 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ആഭ്യന്തര വിപണി ദുര്‍ബലമായതും യു എസ് ഡോളര്‍ ശക്തമായതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഐ ഐ പിയും മന്ദഗതിയിലാണ് വളര്‍ന്നതെന്ന് ബി എന്‍ പി പാരിബാസിന്റെ ഷെയര്‍ഖാനിലെ റിസര്‍ച്ച് അനലിസ്റ്റ് അനൂജ് ചൗധരി പറഞ്ഞു.
എങ്കിലും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് താഴ്ന്ന നിലകളില്‍ രൂപയെ പിന്തുണച്ചേക്കാം. മുന്‍ മാസത്തെ 4.81 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ പണപ്പെരുപ്പ ഡാറ്റയില്‍ നിന്ന് വ്യാപാരികള്‍ സൂചനകള്‍ എടുത്തേക്കാം.