ദമാം - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കസ്റ്റംസില്‍ ആറു വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചതായി കോസ്‌വേ കസ്റ്റംസ് മേധാവി സുലൈമാന്‍ അല്‍ബുലൈഹിദ് അറിയിച്ചു. വെരിഫിക്കേഷന്‍ വിഭാഗം, ആര്‍ക്കൈവ്‌സ് പോലുള്ള സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ നേരത്തെ കോസ്‌വേ കസ്റ്റംസില്‍ വനിതകള്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇതാദ്യമായാണ് കോസ്‌വേ കസ്റ്റംസില്‍ യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വനിതകളെ നിയമിക്കുന്നത്.
വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ കാറുകളുമായി കോസ്‌വേയിലൂടെ സഞ്ചരിക്കുന്ന വനിതകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വനിതാ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് സൗദി കസ്റ്റംസ് ഗവര്‍ണര്‍ അഹ്മദ് അല്‍ഹഖ്ബാനി നിര്‍ദേശം നല്‍കുകയായിരുന്നു. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് കിംഗ് ഫഹദ് കോസ്‌വേ കസ്റ്റംസില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ കസ്റ്റംസുകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സുലൈമാന്‍ അല്‍ബുലൈഹിദ് പറഞ്ഞു.