Sorry, you need to enable JavaScript to visit this website.

കിടങ്ങൂരിലെ ബി.ജെ.പി സഖ്യം; യു.ഡി.എഫ് നിർദേശം തള്ളിയ പാർട്ടി മെമ്പർമാർക്കെതിരെ നടപടിയുമായി പി.ജെ ജോസഫ്

കോട്ടയം - കിടങ്ങൂരിൽ ബി.ജെ.പി പിന്തുണയിൽ ഭരിക്കേണ്ടെന്ന യു.ഡി.എഫ് തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗങ്ങൾ മുന്നോട്ട്. യു.ഡി.എഫ് തീരുമാനം അട്ടിമറിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ പാർട്ടി അംഗങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് കേരളാ കോൺഗ്രസ് (ജെ) വിഭാഗം ചെയർമാൻ പി.ജെ ജോസഫ് വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാക്കളായ മൂന്ന് പഞ്ചായത്ത് അംഗങ്ങളെയും സസ്‌പെൻഡ് ചെയ്തതായാണ് വിവരം.
  കിടങ്ങൂരിലെ ബി.ജെ.പി-യു.ഡി.എഫ് സഖ്യം പുതുപ്പള്ളിയിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കിയതോടെയാണ് ശക്തമായ നടപടിക്ക് പിജെ ജോസഫ് നിർബന്ധിതനായത്. ഇന്ന് രാവിലെ യു.ഡി.എഫിലെ കേരള കോൺഗ്രസ് നേതാവ് തോമസ് മാളിയേക്കലിനെ ബി.ജെ.പി പിന്തുണയോടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു. മത്സരഫലം പുറത്തുവന്നതോടെ പ്രസിഡന്റിനോട് രാജിവെക്കാൻ നിർദേശിക്കുകയായിരുന്നു യു.ഡി.എഫ്. പാർട്ടി അംഗങ്ങളോട് രാജിവെയ്ക്കാൻ പി.ജെ ജോസഫ് നിർദേശം നൽകിയെങ്കിലും മൂന്ന് അംഗങ്ങളും നേതൃ നിർദേശം അവഗണിക്കുകയായിരുന്നു.
  ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് കേരള കോൺഗ്രസ് അംഗങ്ങളും പ്രത്യുപകാരമെന്നോണം ബി.ജെ.പിക്ക് വോട്ട് ചെയ്ത് പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം അട്ടിമറിക്കുകയായിരുന്നു. ഇതോടെ, ബിജെപി അംഗം രശ്മി രാജേഷ് എട്ട് വോട്ടുകളോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
 പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചുട് പിടിക്കവെ ബി.ജെ.പി അംഗങ്ങളുടെ സഹായത്തോടെ നടന്ന പൊടുന്നനെയുള്ള രാഷ്ട്രീയ നീക്കം പാർട്ടി നേതൃത്വത്തിനും യു.ഡി.എഫ് നേതൃത്വത്തിനും വൻ തലവേദനയായിരിക്കുകയാണ്. കിടങ്ങൂരിലെ ബി.ജെ.പി സഖ്യം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് പി.ജെ ജോസഫ് പറഞ്ഞത്. പ്രാദേശിക തലത്തിൽ മാത്രമുള്ള ഈ ധാരണ തിരുത്താൻ നിർദേശം നൽകിയെന്നും ബി.ജെ.പിക്കൊപ്പം പാർട്ടിയോ മുന്നണിയോ ഭരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പിജെ ജോസഫിന്റെ രാജിവെക്കാനുള്ള നിർദ്ദേശം പഞ്ചായത്ത് അംഗങ്ങൾ നിരാകരിക്കുകയായിരുന്നു.
 കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് പേർ (നാല് കേരള കോൺഗ്രസ് എം അംഗങ്ങളും മൂന്ന് സി.പി.എം അംഗങ്ങളും) ഇടതുമുന്നണിയിലും അഞ്ച് പേർ ബി.ജെ.പിയും മൂന്ന് പേർ കേരള കോൺഗ്രസ് ജെയിലെ യു.ഡി.എഫിനുമൊപ്പമായിരുന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് സി.പി.എം പ്രതിനിധിക്കായി രാജിവയ്ക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മത്സരം നടന്നത്. അപ്പോഴാണ് ബി.ജെ.പി അംഗങ്ങൾ കേരള കോൺഗ്രസ് ജെ അംഗത്തെ പിന്തുണച്ച് ഇടതു പ്രതീക്ഷകൾ തട്ടിത്തെറിപ്പിച്ചത്. യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബി.ജെ.പി അംഗങ്ങൾ വോട്ട് ചെയ്തതോടെ, ഇടതുമുന്നണിയിലെ ഇ.എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിന് തോൽപ്പിച്ചാണ് കേരള കോൺഗ്രസ് ജെയിലെ തോമസ് മാളിയേക്കൽ പ്രസിഡന്റായത്. ഇതാവട്ടെ യു.ഡി.എഫിന് വൻ കളങ്കവുമായി.
 ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിൽ അവിശുദ്ധ ഭരണം വേണ്ടതില്ലെന്ന് അറിയിച്ച് സ്ഥാനം രാജിവെക്കാൻ യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടും കേരള കോൺഗ്രസ് ജെ അംഗങ്ങൾ അതിന് തയ്യാറാകാത്തത് പുതുപ്പള്ളി മണ്ഡലത്തോട് ചേർന്നുള്ള പഞ്ചായത്തിൽ വലിയ രാഷ്ട്രീയ പ്രശ്‌നമായി പുകയുകയാണ്.
 പുതുപ്പള്ളിയിൽ കോൺഗ്രസ് ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ സഖ്യം ഇതിന് തെളിവാണെന്നും മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലും ഈ ധാരണയിലെന്ന് സംശയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിടങ്ങൂർ പഞ്ചായത്തിൽ ബി.ജെ.പി പിന്തുണ സ്വീകരിച്ച യു.ഡി.എഫ്, മണിപ്പൂർ വിഷയത്തിലുള്ള പരസ്യ പിന്തുണ ആർ.എസ്.എസിന് പ്രഖ്യാപിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസും ചോദ്യമുയർത്തി. 


 

Latest News