Sorry, you need to enable JavaScript to visit this website.

പ്രകൃതിയുടെ മാസ്മരിക വരദാനമായി സൗദിയിലെ റഗദാൻ വനം

അൽബാഹയിലെ റഗദാൻ ഫോറസ്റ്റ് പാർക്ക്.

അൽബാഹ - പ്രകൃതിയുടെ മാസ്മരിക വരദാനമെന്നോണം സന്ദർശകരുടെ നയനങ്ങളെയും മനസ്സുകളെയും കുളിരണിയിപ്പിക്കുന്ന റഗദാൻ വനത്തിന്റെ സവിശേഷ സ്ഥാനം അൽബാഹയിൽ സമുദ്ര നിരപ്പിൽ നിന്ന് 1,700 മീറ്ററിലധികം ഉയരത്തിൽ തിഹാമ താഴ്‌വരകളുടെ മനോഹര കാഴ്ച സമ്മാനിക്കുന്നു. വിനോദ സഞ്ചാരികളെ മാസ്മരിക അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നിലക്ക് ഇവിടെ വൃക്ഷങ്ങളും പ്രകൃതിയും മേഘങ്ങളും പരസ്പരം ആലിംഗനം ചെയ്യുന്നു. 
അൽബാഹ പ്രവിശ്യയുടെ ശ്വാസകോശം എന്നും പ്രവിശ്യയിലെ ഏറ്റവും മനോഹരമായ പാർക്കുകളിൽ ഒന്നായും റഗദാൻ വനം അറിയപ്പെടുന്നു. സമൃദ്ധമായി വളരുന്ന ചൂരൽച്ചെടികളും വിശാലമായ ഹരിത ഇടങ്ങളും ആകർഷകമായ പ്രകൃതിയും കാരണം അൽബാഹ പ്രവിശ്യയിൽ ടൂറിസ്റ്റുകൾ ഏറ്റവുമധികം എത്തുന്ന പ്രദേശമാണ് റഗദാൻ ഫോറസ്റ്റ് പാർക്ക്. 
ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം തേടി സൗദി അറേബ്യയുടെ മറ്റു പ്രവിശ്യകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും സന്ദർശകരും ടൂറിസ്റ്റുകളും ഈ ദിവസങ്ങളിൽ റഗദാൻ പാർക്കിലേക്ക് വലിയ തോതിൽ എത്തുന്നുണ്ട്. കുടുംബത്തോടൊപ്പം രസകരവും ആസ്വാദ്യകരവുമായ സമയം റഗദാൻ പാർക്കിൽ ചെലവഴിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. റഗദാൻ വനത്തിന് അപൂർവമായ മനോഹാരിതയും പർവത ശിഖരങ്ങളിൽ മൂടൽമഞ്ഞ് മൂടിയ ഇടതൂർന്ന വനങ്ങളുടെ പനോരമിക് കാഴ്ചയും ഉണ്ട്. ഇത് കുടുംബ സമേതമുള്ള യാത്രകൾക്ക് ഏറ്റവും ആകർഷകമായ സ്ഥലമാക്കി റഗദാൻ വനത്തെ മാറ്റുന്നു. 
ആറു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള റഗദാൻ വനത്തിലെ 90 ശതമാനം സ്ഥലത്തും ചൂരൽച്ചെടികളാണ്. ചൂരൽചെടികളുടെ പരസ്പരം ഇടചേർന്ന ശാഖകൾ പ്രദേശത്ത് വിശാലമയ സ്ഥലത്ത് തണൽവിരിക്കുന്നു. ചൂരൽചെടികൾ നിത്യഹരിത വൃക്ഷമാണ്. ഇത് അതിശയകരമായ സുഗന്ധവും പരത്തുന്നു. തണുത്ത പ്രദേശങ്ങളിൽ വളരുന്ന ചൂരൽച്ചെടികൾ സുന്ദരമായ വൃക്ഷങ്ങളിൽ ഒന്നാണ്. 
സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും മനോഹരമായ പ്രകൃതി കാണാനും ഇടതൂർന്ന മരങ്ങൾ ആസ്വദിക്കാനും പാർക്കിലേക്കുള്ള പ്രവേശന കവാടങ്ങളിൽ കല്ല് പാതകളുണ്ട്. ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ടോയ്‌ലെറ്റുകൾ, സ്റ്റാളുകൾ, ലൈറ്റിംഗ് എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. 
ലൈറ്റുകളുടെ പശ്ചാത്തലത്തിലുള്ള വെള്ളച്ചാട്ടങ്ങൾ, നടപ്പാതകൾ, മഴവെള്ളം തിരിച്ചുവിടാനുള്ള ഡ്രൈനേജുകൾ, ഒലീവ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള സ്ഥലങ്ങൾ എന്നിവയും പാർക്കിലുണ്ട്. ഫുഡ് ട്രക്കുകൾ, തൂക്കുപാലം, സ്ലൈഡുകൾ എന്നിവയോടെയുള്ള ലൈറ്റുകൾ സ്ഥാപിച്ച നടപ്പാതകൾ അടക്കം നിരവധി സേവനങ്ങളും സൗകര്യങ്ങളം റഗദാൻ വനത്തിൽ അൽബാഹ നഗരസഭ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അൽബാഹയിലും പരിസര പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയും പെയ്തിരുന്നു. 

Latest News