Sorry, you need to enable JavaScript to visit this website.

റിയാദ് വിമാനതാവളത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, അനുഗ്രഹമായി സ്ലീപ്പിംഗ് ക്യാപ്‌സൂളുകൾ

റിയാദ് എയർപോർട്ടിലെ സ്ലീപ്പിംഗ് ക്യാപ്‌സൂളുകൾ.

റിയാദ് - യാത്രക്കാർക്ക് അനുഗ്രഹമായി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ലീപ്പിംഗ് ക്യാപ്‌സൂളുകൾ. ഇത്തരമൊരു സേവനം റിയാദ് വിമാനത്താവളത്തിലുള്ളത് അധിക യാത്രക്കാർക്കും അറിയില്ല. ആഭ്യന്തര, അന്താരാഷ്ട്ര കണക്ഷൻ ഫ്‌ളൈറ്റുകളുടെ സമയ വ്യത്യസാസവും വിമാന സർവീസുകൾ നീട്ടിവെക്കുന്നതും കാരണം ചില യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ ചെലവഴിക്കാൻ നിർബന്ധിതരാകും. ഇത്തരം സാഹചര്യങ്ങളിൽ ചിലർ വിമാനത്താവളത്തിലെ നമസ്‌കാര സ്ഥലങ്ങളിൽ ഉറങ്ങുകയാണ് ചെയ്യുക. 
എന്നാൽ ശാന്തമായും സുരക്ഷിതമായും ശബ്ദ കോലാഹലങ്ങളില്ലാതെയും സ്വകാര്യതയോടെയും യാത്രക്കാർക്ക് ഉറങ്ങാൻ സൗകര്യമൊരുക്കുകയാണ് റിയാദ് വിമാനത്താവളത്തിലെ വസൻ എന്ന് പേരിട്ട സേവനം. വസൻ സേവനം പ്രയോജനപ്പെടുത്തിയ സൗദി പൗരൻ ഇതേ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സർവീസിൽ റിയാദ് എയർപോർട്ടിലെത്തിയ തനിക്ക് ആഭ്യന്തര സർവീസിന് ഒമ്പതു മണിക്കൂർ കാത്തിരിക്കേണ്ടിയിരുന്നു. ഈ സമയത്താണ് എയർപോർട്ട് അധികൃതർ വസൻ സേവനത്തെ കുറിച്ച് അറിയിച്ചത്. പുറത്തെ ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായി ഉറങ്ങാൻ അവസരമൊരുക്കുന്ന വസൻ സേവനത്തിന്റെ ഭാഗമായ സ്ലീപ്പിംഗ് ക്യാപ്‌സൂളുകൾ മണിക്കൂർ അടിസ്ഥാനത്തിൽ വാടകക്കെടുക്കാൻ സാധിക്കും. 
എയർ കണ്ടീഷൻ ചെയ്ത ക്യാപ്‌സൂളുകൾക്ക് രണ്ടു മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമാണുള്ളത്. യാത്രക്കാർക്ക് ആവശ്യമായ ശുദ്ധവായു, മൊബൈൽ ഫോൺ ചാർജർ, ലൈറ്റ്, ബെഡ്, ടെലിവിഷൻ, വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കാനുള്ള ചെറിയ സേഫ് അടക്കം എല്ലാവിധ സേവനങ്ങളും സൗകര്യങ്ങളും ക്യാപ്‌സൂളുകളിലുണ്ട്. സ്വകാര്യതക്കു വേണ്ടി ക്യാപ്‌സൂളുകൾ അടച്ച് ശാന്തമായി ഉറങ്ങാവുന്നതാണെന്ന് സൗദി പൗരൻ വീഡിയോയിൽ പറഞ്ഞു. 
 

Latest News