കോട്ടയം-മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികള്‍. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല. ഇതിനിടെ, പുതുപ്പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞാല്‍ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു. വ്യക്തിഗത വിമര്‍ശനങ്ങളിലേക്ക് പോകേണ്ട. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറില്‍ വമ്പന്‍ റോഡ് ഷോ സംഘടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തില്‍ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.
ഇന്നും മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളില്‍ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാള്‍ കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തിലെത്തും. അതിനിടെ പുതുപ്പള്ളിയില്‍ വികസനം നടപ്പാക്കിയില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ ആരോപണത്തിനെതിരെ ചാണ്ടി ഉമ്മന്‍ രംഗത്ത് എത്തി. പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയര്‍ന്നു വന്നതല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പരിഹസിച്ചു.