തിരുവനന്തപുരം - പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയുള്ള പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയുടെ സന്ദർശനത്തെ തിണ്ണ നിരങ്ങലായി കാണരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. മന്ത്രി വി.എൻ വാസവനൊപ്പം ജെയ്ക് സി തോമസ് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായരെ കണ്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങളോടായാണ് പാർട്ടി സെക്രട്ടറിയുടെ മറുപടി.
സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. വരം കിട്ടാനല്ലല്ലോ, വോട്ട് കിട്ടാനല്ലേ സന്ദർശനം. സി.പി.എമ്മിന് എൻ.എസ്.എസിനോടെന്നല്ല ആരുമായും പിണക്കമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൻ.എസ്.എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻ.എസ്.എസ് നിലപാട്. എന്നാൽ, പലപ്പോഴും അങ്ങനെ ആകാറില്ല. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻ.എസ്.എസിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടാനായി, സെപ്തംബർ 11 മുതൽ ഒരാഴ്ചക്കാലം സംസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും.
കേരളത്തിന് അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. സംസ്ഥാനത്തിന് ഇതുവരേക്കും 18000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അർഹതപ്പെട്ട ആളോഹരി വരുമാനം പോലും നൽകുന്നില്ല. ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12000 കോടി നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചുവെന്നും പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മാസപ്പടി വിവാദത്തിൽ ചോദ്യം ഉയർന്നതോടെ എല്ലാം മുമ്പ് പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ് പോവുകയായിരുന്നു.