Sorry, you need to enable JavaScript to visit this website.

വികസനം തൊട്ട് വിലക്കയറ്റം വരേ; പുതുപ്പള്ളിയിലെ യു.ഡി.എഫ് കൺവെൻഷൻ ഇന്ന്, ഉമ്മൻചാണ്ടിയെ തൊടാതെ സി.പി.എം 

കോട്ടയം - ഇരുമുന്നണികളും സ്ഥാനാർത്ഥികളുമായി കളത്തിലിറങ്ങിയതോടെ  പ്രചാരണത്തിന് ചൂട്പിടിക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാലിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുക. 
 പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ തുടങ്ങിയവർ പ്രസംഗിക്കും. 
 16-നാണ് ഇടതുമുന്നണിയുടെ കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ വിവിധ ഘടകകക്ഷി നേതാക്കൾ പങ്കെടുക്കും. 24ന് മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന യോഗങ്ങളിൽ പങ്കെടുക്കും. 31ന് ശേഷമാണ് ഇടതിന്റെ രണ്ടാംഘട്ട പ്രചാരണം. ഇതിലാണ് കാര്യമായും മന്ത്രിമാരുടെ സജീവ സാന്നിധ്യം ഉണ്ടാവുക.
 വികസനം മുതൽ വിലക്കയറ്റം വരെ നിരവധി വിഷയങ്ങളാണ് പുതുപ്പള്ളിയിലെ പ്രചാരണത്തിന് ചൂടേറ്റുക. ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന അപവാദ പ്രചാരണങ്ങളും സ്വാഭാവികമെന്നോണം ചർച്ചയിൽ ഇടം പിടിക്കുമെങ്കിലും ഇത്തരം അജണ്ടകളിൽ തലവെക്കാതിരിക്കാനാണ് സി.പി.എം ശ്രദ്ധിക്കുക. ഉമ്മൻചാണ്ടിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ, മണ്ഡലത്തിൽ വികസനം എവിടെ എത്തിനിൽക്കുന്നുവെന്ന കാര്യത്തിൽ ഊന്നി യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കാൻ എൽ.ഡി.എഫ് ശ്രമിക്കും. അതിനിടെ, ഇന്നെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് ബി.ജെ.പി കേന്ദ്രങ്ങൾ.
 

Latest News