കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയായ പെണ്‍കുട്ടിയെ കാണാതായത് ആശങ്ക പരത്തി 

ഏറ്റുമാനൂര്‍-കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. 18 വയസ്സ് പ്രായമുള്ള ഇടുക്കി സ്വദേശിനി ചികിത്സാ വിഭാഗത്തില്‍നിന്ന് പോയത് പുലര്‍ച്ചെ അഞ്ചുമണിക്കെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 7.30-ന് പെണ്‍കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിന് പിന്നില്‍ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.
ജൂലായ് 16-നാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ഞായറാഴ്ച പുലര്‍ച്ചെ ഉണര്‍ന്നുനോക്കുമ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ല. സമീപത്തെല്ലാം തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ പോലീസിനെ അറിയിച്ചു. ഗാന്ധിനഗര്‍ പോലീസിലും വിവിധ വിഭാഗങ്ങളിലും വിവരം കൈമാറി. പോലീസുകാരും തിരഞ്ഞു. 7.30-ന് കുട്ടിയെ കണ്ടെത്തിയതോടെ നാലാം വാര്‍ഡിലെത്തിച്ച് ബന്ധുവിന് കൈമാറി.രാത്രിയില്‍ മാനസികാരോഗ്യവിഭാഗത്തിലേക്കുള്ള വരവും പോക്കും കര്‍ശന നിരീക്ഷണത്തിലാണ്. രാത്രി പത്തുമണിയോടെ പുറത്തേക്കുള്ള ഗേറ്റ് പൂട്ടും. ഇതിനുശേഷം അഡ്മിഷനെത്തുന്നവര്‍ക്കോ, ഡോക്ടര്‍ക്കോ അകത്തേക്ക് കയറണമെങ്കില്‍ കോളിങ് ബെല്‍ മുഴക്കണം. അപ്പോള്‍ ജീവനക്കാര്‍ വന്ന് വാതില്‍തുറന്നാണ് അവരെ അകത്തേക്ക് കയറ്റുന്നത്. ഇത്ര കൃത്യമായ സംവിധാനങ്ങളുള്ളിടത്തുനിന്ന് പെണ്‍കുട്ടി എങ്ങനെ പുറത്തേക്കിറങ്ങിപ്പോയെന്ന് വ്യക്തമായിട്ടില്ല.

Latest News