കോഴിക്കോട്- ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ ശ്രമിച്ച് നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ പണം നഷ്ടപ്പെട്ട കേസില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സേവിംഗ്‌സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി 4,50,919 രൂപയാണ് 60 കാരന് നഷ്ടമായത്. സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ പണം നഷ്ടപ്പെടരുതെന്ന് കരുതി ഫോണിലെ ഡാറ്റ മുഴുവന്‍ ഇയാള്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും അത് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബര്‍ പോലീസ് വ്യക്തമാക്കി. സൈബര്‍ പൊലീസ് എസ്.ഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മൂന്ന് രഹസ്യ കോഡുകളും രണ്ട് ഒ.ടി.പി കോഡും ഉള്‍പ്പെടെയുള്ള സുരക്ഷ മറികടന്നുള്ള തട്ടിപ്പ് ആദ്യത്തേതാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വന്ദേ ഭാരത് ട്രെയിനില്‍ ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്. ഷൊര്‍ണൂരിലേക്ക് പോകാനായാണ് ഇയാള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ യാത്ര കാന്‍സല്‍ ചെയ്യേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ടിക്കറ്റ് കാന്‍സല്‍ ചെയ്തു. കാന്‍സല്‍ ചെയ്ത തുകയായി 300 രൂപ അക്കൗണ്ടിലെത്തുകയും ബാക്കി പണത്തിനായി ഇയാള്‍ ഇന്ത്യന്‍ റെയില്‍വെയുടെ അംഗീകൃത സൈറ്റായ ഐ.ആര്‍.സി.ടി.സി സൈറ്റില്‍ കയറി. ശേഷം ലഭ്യമായ സൈറ്റില്‍ പ്രവേശിച്ചപ്പോള്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ ലഭിക്കുകയും നമ്പറില്‍ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഒരു വെബ്‌സൈറ്റ് അയച്ചു നല്‍കുകയും റെസ്റ്റ് ഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇതില്‍ ആവശ്യപ്പെട്ട ഒ.ടി.പി നമ്പറുകള്‍ നല്‍കിയതിന് പിന്നാലെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത പണം അക്കൗണ്ടില്‍ തിരിച്ചെത്തിയതായി മെസേജും വന്നു. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 50,000 രൂപ പിന്‍വലിച്ചതായി കണ്ടത്, പിന്നാലെ മെസേജും വന്നു. സെക്കന്‍ഡുകള്‍ക്കകം വീണ്ടും 50,000 രൂപ കൂടി പിന്‍വലിക്കപ്പെട്ടു. ഉടന്‍ ബാങ്കിലെത്തി മാനേജര്‍ക്ക് പരാതി നല്‍കി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 4 തവണയായി സ്ഥിര നിക്ഷേപത്തിലെ 4,50919 നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.