കോട്ടയം - പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ പഴയ വാക്കുകൾ ഓർമിപ്പിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. ജെയ്കിന്റെ വിവാഹ വേളയിൽ അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞ വിലയേറിയ വാക്കുകളാണ് ഗീതു തോമസ് ഓർമിപ്പിക്കുന്നത്.
'തെരഞ്ഞെടുപ്പിൽ ജെയ്ക്ക് എനിക്ക് നല്ലൊരു എതിരാളിയായിരുന്നു. മോൾക്ക് അവൻ നല്ലൊരു തുണയായിരിക്കുമെന്നും.' എന്നേയും ജെയ്ക്കിനേയും സംബന്ധിച്ച് ഉമ്മൻചാണ്ടി പറഞ്ഞ ആ വാക്കുകൾ വലിയൊരു അനുഗ്രഹമായാണ് തോന്നിയത്. ഇത്തവണയും എനിക്ക് പറയാനും ഓർമിപ്പിക്കാനുമുള്ളത് ഞങ്ങളെക്കുറിച്ച് പറഞ്ഞ ആ നല്ല വാക്കുകളാണ്.' - ഗീതു പറഞ്ഞു.
ഇത്തവണ ജെയ്ക്ക് വിജയിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞതവണ താനും ജെയ്ക്കിനൊപ്പം പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, ഇത്തവണ പ്രചാരണത്തിന് ഇറങ്ങാനാവില്ല. അടുത്ത മാസം പകുതിയോടെയാണ് എന്റെ പ്രസവം. അതിനാൽ പലരോടും ഫോണിലൂടെയൊക്കെ വിളിച്ച് വോട്ട് ചോദിക്കുന്നുണ്ട്. ജെയ്ക്കിന്റെ ഇപ്പോഴത്തെ സാഹചര്യം എനിക്ക് മനസ്സിലാവും. നല്ല തിരക്കായതിനാലാണ് ജെയ്ക്കിന് എനിക്കൊപ്പം വരാനാവാത്തത്. കഴിഞ്ഞ തവണ ഞങ്ങൾ ഒരുമിച്ചാണ് ചെക്കപ്പിന് പോയത്. എന്തായാലും പ്രസവ സമയം ആകുമ്പോഴേക്ക് ജെയ്ക്കും ഫ്രീയാകും. ആ ഒരു പ്രതീക്ഷയിലാണുള്ളത്.
രാഷ്ട്രീയമായി പ്രവർത്തിച്ചു പാരമ്പര്യമുള്ള ഒരാളല്ല ഞാൻ. പുതുപ്പള്ളിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയതാണ് ആദ്യ രാഷ്ട്രീയ അനുഭവം. ഞങ്ങൾ സി.എം.എസിൽ പഠിക്കുമ്പോഴാണ് പരിചയത്തിലായതും ഇഷ്ടപ്പെട്ടതുമെല്ലാം. എന്റെ ഒരുവർഷം സീനിയറായിരുന്നു ജെയ്ക്ക്. ജെയ്ക്കിനെ പിന്തുണയ്ക്കണമെന്നാണ് വോട്ടർമാരോടുള്ള അഭ്യർത്ഥന. ഈ തെരഞ്ഞെടുപ്പിൽ ജെയ്ക്കിൽ വലിയ പ്രതീക്ഷയുണ്ടെന്നും ജനങ്ങൾ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ഗീതു വിശദീകരിച്ചു.
ഇത് മുന്നാം തവണയാണ് ജെയ്ക്ക് സി തോമസ് പുതുപ്പള്ളിയിൽ ജനവിധി തേടുന്നത്. കഴിഞ്ഞതവണ 9,044 വോട്ടുകൾക്കാണ് ജെയ്ക്ക് ഉമ്മൻചാണ്ടിയോട് തോൽവി രുചിച്ചത്. സെപ്തംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. എട്ടിന് ഫലപ്രഖ്യാപനവും.