കൽപറ്റ-ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നു വയനാട്ടിലേക്ക് മദ്യവും മയക്കുമരുന്നുകളും കടത്തുന്നതു തടയുന്നതിന് എക്‌സൈസ് വകുപ്പ് അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. കർണാടക അതിർത്തിയിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി ചെക്‌പോസ്റ്റുകളിലും ചെക്‌പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി പ്രദേശങ്ങളായ പെരിക്കല്ലൂർ കടവ്, ചേകാടി, മരക്കടവ്, തോണിക്കടവ്, കൊളവള്ളി എന്നിവിടങ്ങളിലും തമിഴ്‌നാട് അതിർത്തിയിലെ നൂൽപ്പുഴ, പാട്ടവയൽ, താളൂർ, വടുവൻചാൽ, ചോലാടി എന്നിവിടങ്ങളിലാണ് പരിശോധന ഊർജിതമാക്കിയത്.
കൽപറ്റ എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിന് ജില്ലയിലെ മൂന്ന് താലൂക്കുകളിലും സർക്കിൾ-റേഞ്ച് ഓഫീസുകൾ കേന്ദ്രീകരിച്ചും ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ചെക്‌പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി പ്രദേശങ്ങളിൽ ലഹരികടത്ത് തടയുന്നതിന് അനുവദിച്ച കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ്(കെമു) പെരിക്കല്ലൂർ കടവ്, മരക്കടവ്, കൊളവള്ളി, ചേകാടി തുടങ്ങിയ പ്രദേശങ്ങളിൽ 24 മണിക്കൂറും പട്രോളിംഗും പരിശോധനകളും നടത്തുന്നുണ്ട്. 27 എൻ.ഡി.പി.എസ് കേസുകളും 10 അബ്കാരി കേസുകളും ഇതിനകം കെമു യൂനിറ്റിന്റെ സഹായത്തോടെ കണ്ടുപിടിച്ചു. 1.6 കിലോഗ്രാം കഞ്ചാവും, 50 മില്ലിഗ്രാം എം.ഡി.എം.എയും 20.88 ലിറ്റർ കർണാടക മദ്യവും അഞ്ചു ലിറ്റർ വ്യാജമദ്യവും രേഖകളില്ലാതെ കടത്തുകയായിരുന്ന 15 ലക്ഷം രൂപയും പിടിച്ചെടുത്തു. 30 ലധികം പ്രതികളെ അറസ്റ്റുചെയ്തു. ലഹരി വസ്തുക്കൾ തേടി കർണാടക അതിർത്തി പ്രദേശങ്ങളിൽ എത്തുന്നവരെ നിരീക്ഷിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.