റിയാദ്- 51 ദിവസത്തെ വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ അധ്യാപകരെത്തി. പ്രിന്‍സിപ്പല്‍, സൂപര്‍വൈസര്‍ തുടങ്ങി എല്ലാ വിഭാഗം അധ്യാപകരും ഞായറാഴ്ച മുതല്‍ സ്‌കൂളില്‍ ഹാജരാകണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അധ്യാപകരെത്തിയത്.
അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന അധ്യയനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധ്യാപകര്‍ നേരത്തെയെത്തുന്നത്. എല്ലാ വര്‍ഷവും ഒരാഴ്ച മുമ്പേ അധ്യാപകര്‍ സ്‌കൂളുകളിലെത്താറുണ്ട്.
ഈ മാസം 20ന് ഞായറാഴ്ചയാണ് ക്ലാസുകള്‍ തുടങ്ങുക. അന്നാണ് വിദ്യാര്‍ഥികള്‍ ഹാജറാകേണ്ടത്. 28000 ത്തോളം സ്‌കൂളുകളാണ് സൗദി അറേബ്യയിലുള്ളത്. അഞ്ച് ലക്ഷത്തോളം അധ്യാപകരും. ഇന്ത്യന്‍ സ്‌കൂളുകള്‍ ഈ മാസം 21നാണ് വേനലവധി കഴിഞ്ഞ് തുറക്കുക.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ പുസ്തക വിതരണം അടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നവംബര്‍ 16വരെയാണ് ആദ്യപാദ അധ്യയനം നടക്കുക. രണ്ടാം പാദം നവംബര്‍ 26ന് തുടങ്ങും. 2024 ഫെബ്രുവരി 22ന് അവസാനിക്കും. മാര്‍ച്ച് മൂന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് മൂന്നാം പാദം.
വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്‌കൂള്‍ സ്വന്തം സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ലയിപ്പിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസമന്ത്രാലയ ഓഫീസുകള്‍ പ്രധാന ഓഫീസുകളില്‍ ലയിപ്പിച്ച് ചെലവ് കുറച്ചു.
ഇന്ത്യന്‍ സ്‌കൂളുകള്‍ ഒന്നാം പാദ പരീക്ഷ കഴിഞ്ഞാണ് വേനലവധിക്ക് അടച്ചത്. അവധി കഴിഞ്ഞ് തുറന്നാല്‍ രണ്ടും മൂന്നും പാദ അധ്യയനമാണ് നടക്കുക. മാര്‍ച്ച് മാസത്തോടെ ഫൈനല്‍ പരീക്ഷ നടക്കും. പിന്നീട് ഒരാഴ്ചത്തെ അവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷമാരംഭിക്കും.