കോട്ടയം- പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്ന ശേഷം വികസനം നടന്നിട്ടില്ല എന്നത് ശരിയല്ലെന്നും തോടിന് കുറുകെയുള്ള ഒറ്റത്തടി മരപ്പാലത്തിൽ ഒരു മരക്കഷ്ണത്തിന് പകരം രണ്ടു മരക്കഷ്ണം വെച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തലിന്റെ പരിഹാസം. പുതുപ്പള്ളി മണ്ഡലത്തിലെ പാലം എന്ന തരത്തിൽ സി.പി.എം സൈബർ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രചരിപ്പിച്ച പാലത്തിന് മുകളിലൂടെ നടന്ന് വീഡിയോ ചിത്രീകരിച്ചാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
രാഹുലിന്റെ വാക്കുകൾ:
എല്ലാവർക്കും നമസ്‌കാരം. ഇന്നലെ മുതൽ സി.പി.എം സൈബർ പോരാളികളും വിഷയ വിദഗ്ധരും വൈറലാക്കിയ പാലത്തിലാണ് ഞാനുള്ളത്. ഈ പാലത്തിലൂടെ നേരത്തെ ഒരു മഹാനായ മനുഷ്യൻ നടന്നുപോയിരുന്നു. ഉമ്മൻ ചാണ്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്.
ഈ പാലം തിരുവാർപ്പ് പഞ്ചായത്തിലാണ്. ദീർഘകാലമായി ഭരിക്കുന്നത് സി.പി.എമ്മാണ്. പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് വി.എൻ വാസവന്റെ മണ്ഡലത്തിലാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ സി.പി.എം ചുമതലക്കാരനാണ് അദ്ദേഹം. ഈ മണ്ഡലം നേരത്തെ കോട്ടയം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. അന്നും വി.എൻ വാസവൻ തന്നെയായിരുന്നു ഇവിടുത്തെ ജനപ്രതിനിധി. കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സി.പി.എമ്മിന്റെ സമുന്നത നേതാവ് അനിൽ കുമാറിന്റെ പിതാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പഞ്ചായത്താണ് തിരുവാർപ്പ്. അനിൽകുമാറിന്റെ സഹോദരനാണ് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്.
ഈ മണ്ഡലത്തിൽ വികസനം നടക്കുന്നില്ല എന്നത് ശരിയല്ല. നേരത്തെ തോടിന് കുറുകെ ഒരു മരക്കഷ്ണം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടു മരക്കഷ്ണം വെച്ചിട്ടുണ്ട്. ഈ പഞ്ചായത്തിൽ മറ്റു പലയിടങ്ങളിലും ഇതുപോലെയുള്ള പാലമുണ്ട്. ഈ മണ്ഡലത്തിൽ റോഡുകളെല്ലാം വന്നത് കോൺഗ്രസ് പ്രതിനിധികൾ ജയിച്ച കാലത്താണ്. പാലത്തിന് സമീപത്തുള്ള റോഡ് നിർമ്മിച്ചത് മേഴ്‌സി രവി എം.എൽ.എ ആയ സമയത്താണെന്നും രാഹുൽ പറഞ്ഞു. സി.പി.എമ്മിന്റെ ആദ്യത്തെ പെരുംനുണ പൊളിച്ചടുക്കുകയാണെന്നും ബാക്കിയുള്ളവ തുടർദിവസങ്ങളിൽ പൊളിക്കുമെന്നും പറഞ്ഞാണ് രാഹുൽ ഫെയ്‌സ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.