Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് 'ഗോള്‍' രണ്ടാം ഘട്ട പരിശീലനങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം- ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഗോള്‍' ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം മലപ്പുറത്ത് നടന്നു. മലപ്പുറത്ത് വെച്ച് നടന്ന പ്രാക്ടിക്കല്‍ സെഷന്റെ ഉദ്ഘാടനം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി നിര്‍വഹിച്ചു. കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നായി 65 ഓളം പരിശീലകരാണ് രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളുടെ രണ്ടാം ഘട്ട പരിശീലനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഓഗസ്റ്റ് അവസാന വാരത്തോടെ കുട്ടികളുടെ തെരഞ്ഞെടുപ്പിലേക്ക് കടക്കും. സെപ്റ്റംബര്‍ മാസത്തോടെ പരിശീലനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും.
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചെറുപ്രായത്തില്‍ ഫുട്‌ബോളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക എന്നതാണ് ഗോള്‍ പദ്ധതിയുടെ ലക്ഷ്യം. 5 വര്‍ഷം 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി 1 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. രണ്ടാം ഘട്ടത്തില്‍, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം വീതം ആരംഭിച്ചു. 10 നും 12 നും ഇടയില്‍ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നല്‍കും. പരിശീലന ഉപകരണങ്ങള്‍, 2 വീതം പരിശീലകര്‍, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ ലഭ്യമാക്കും.
പഠനസമയത്തെ ബാധിക്കാത്ത രീതിയില്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ വീതമുളള 2 സെഷനായാണ് പരിശീലനം. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് ഗോള്‍ പദ്ധതിക്കായി നിയമിക്കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും മുന്‍കാല സന്തോഷ് ട്രോഫി താരങ്ങളുടെ മേല്‍നോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും. തീവ്ര പരിശീലന പദ്ധതിയില്‍ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പരിശീലനവും കൂടുതല്‍ മികച്ച മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കും.

 

Latest News