Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യവസായ എസ്റ്റേറ്റുകളിൽ പ്രവാസികൾക്ക്  അഞ്ച് ശതമാനം സംവരണം -മന്ത്രി 

തിരുവനന്തപുരം- പ്രവാസികളായ കേരളീയർക്കായി വ്യവസായ എസ്റ്റേറ്റുകളിൽ അഞ്ച് ശതമാനം സംവരണം ചെയ്യുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പത്രസമ്മേളനത്തിൽ പറഞ്ഞു.   ദേശീയ-അന്തർ ദേശീയ തലത്തിൽ ചരക്ക് വിതരണത്തിനും ഗതാഗതത്തിനും സഞ്ചാര മാർഗം സൃഷ്ടിക്കുന്നതിന് കൊച്ചിയിൽ 100 ഏക്കർ സ്ഥലത്ത് ലോജിസ്റ്റിക് ഹബ് വികസിപ്പിക്കും. വിദേശ രാജ്യങ്ങളിൽനിന്നും അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിന് കേരള കാഷ്യു ബോർഡ് രൂപീകരിക്കും. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വ്യവസായ നയത്തിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  
വ്യവസായ വികസനത്തിന് ഭൂമി അനുവദിക്കുന്നതിൽ സുതാര്യതയും, നിലവിലെ വ്യവസ്ഥകളിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ചട്ടം രൂപീകരിക്കും.   എല്ലാ ജില്ലകളിലും ഇൻഡസ്ട്രിയൽ ഗാലാകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും.  നിലവിലെ വ്യവസായ മേഖലകളിലെയും പാർക്കുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം വ്യവസായ മേഖലകളിൽ മഴവെള്ള സംഭരണികൾ നിർമ്മിക്കുമെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു. 
ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികളാണ് സർക്കാരിന്റെ വ്യവസായ നയമെന്ന് അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയും സാക്ഷരതയും സ്ഥലലഭ്യതയുമെല്ലാം പഠിച്ച ശേഷമാണ് വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  റെഗുലേറ്ററി നടപടിക്രമങ്ങളുടെ ലഘൂകരണം, നിലവിലെ വ്യവസായങ്ങളുടെ ശാക്തീകരണം എന്നിവയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. തദ്ദേശീയ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് ഗ്രാമീണവ്യവസായങ്ങൾ ആരംഭിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണവും നിക്ഷേപങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും ഹരിത പദ്ധതികൾ തുടങ്ങുന്നതും പാരമ്പര്യവ്യവസായങ്ങൾക്ക് സഹായം നൽകുന്നതുമെല്ലാം നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
ചൂഷണം ഒഴിവാക്കുക, പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആരംഭിക്കുക, വിവിധ വകുപ്പുകളുടെ ഏകീകൃത പ്രവർത്തനത്തിനും നിരീക്ഷണത്തിനുമായി എംപവേർഡ് കമ്മിറ്റി രൂപീകരിക്കുക, സുതാര്യമായ ഓൺലൈൻ സംവിധാനങ്ങൾ എന്നിവയെല്ലാം നയത്തിന്റെ ഭാഗമാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ പാർക്കുകളും ദേശീയ, സംസ്ഥാന പാത, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയവയുമായി ബന്ധിപ്പിച്ച് അനുബന്ധ റോഡുകളും നിർമ്മിക്കുക, വ്യവസായ മേഖലകൾക്ക് അനുബന്ധമായി വൈദഗ്ധ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 
വിവിധോദ്ദേശ്യ വ്യവസായ സോണുകളിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് ഡ്യൂട്ടിയിൽ നൂറ് ശതമാനം ഇളവ് വരുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് സബ്‌സിഡി അനുവദിക്കുകയും ചെയ്യും. പ്രധാന മേഖലകളിൽപെടുത്തി കൃഷിയും ഭക്ഷ്യസംസ്‌കരണവും സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്ര ഉൽപ്പന്നങ്ങൾ, നാളികേരം, കപ്പ, കയർ തുടങ്ങിവയ്ക്ക് പ്രാധാന്യം നൽകും. ആമ്പല്ലൂരിൽ ഇലക്‌ട്രോണിക് ഹാർഡ് വെയർ പാർക്ക്, കാക്കനാട് ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ,  പാലക്കാട് ഡിഫെൻസ് പാർക്ക്, കെൽട്രോണിന്റെ ശാക്തീകരണം, അന്താരാഷ്ട്ര ഫർണിച്ചർ ഹബ്, തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്ക്, അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്, നാനോ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകും -അദ്ദേഹം വ്യക്തമാക്കി. 

Latest News