തൊടുപുഴ- നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ മുൻ വൈസ് ചെയർമാൻ ടി.കെ സുധാകരൻ നായരും കോടതിയെ സമീപിച്ചു. യു.ഡി.എഫ് നിർദേശ പ്രകാരം കൗൺസിലർ സിസിലി ജോസ് മുൻസിഫ് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് സുധാകരൻ നായരും വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയിലെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പ്രൊഫ.ജെസി ആന്റണിയെ ചെയർപേഴ്‌സണായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് സുധാകരൻ നായർ തൊടുപുഴ ജില്ലാ കോടതിയിൽ ഹരജി നൽകിയത്. കേസ് കോടതി പ്രാരംഭ വാദത്തിനായി മാറ്റി. അസാധു വോട്ടിന്റെ പേരിൽ സുധാകരൻ നായർ കുറ്റക്കാരനെന്നു കണ്ടെത്തിയ ഡി.സി.സി കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം നടത്തുകയാണ്. ഇതിനിടെ പാർട്ടി ഭാരവാഹിത്വങ്ങളും കൗൺസിലർ സ്ഥാനവും രാജിവെക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ നായർ ഡി.സി.സിക്ക് കത്ത് നൽകിയിരുന്നു. ഇതിനിടെയാണ് ഇദ്ദേഹം കോടതിയിലെത്തുന്നത്.
നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ സുധാകരൻ നായരുടെ വോട്ട് അസാധുവായി വരണാധികാരിയായ ആർ.ഡി.ഒ പ്രഖ്യാപിച്ചതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർഥി മിനി മധു ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വോട്ട് ചെയ്യുമ്പോൾ ഗുണന ചിഹ്നം രേഖപ്പെടുത്തണമെന്നാണ് നിബന്ധന. എന്നാൽ 1983 ൽ തമിഴ്‌നാട്ടിൽ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്ന കേസിൽ വോട്ടറുടെ ഉദ്ദേശ്യത്തിനാണ് പ്രാധാന്യമെന്നും ചിഹ്നത്തിനല്ലായെന്നും കോടതി വ്യക്തമാക്കിയിരുന്നുവെന്ന വാദം മുൻനിർത്തിയാണ് കേസ് ഫയൽ ചെയ്തത്. കൂടാതെ മൂന്നു സ്ഥാനാർഥികളിൽ സുധാകരൻ നായർ പ്രഫ.ജെസി ആന്റണിയുടെ പേരിനു നേരെയാണ് ഒപ്പു രേഖപ്പെടുത്തിയെന്നത് വോട്ടെടുപ്പിൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരള മുനിസിപ്പാലിറ്റി ആക്ട് 1994 സെക്ഷൻ 12 (6) പ്രകാരം ഫയൽ ചെയ്ത കേസിൽ എതിർ കക്ഷികളായി ചെയർപേഴ്‌സൺ സ്ഥാനാർഥികളായിരുന്ന മിനി മധു, പ്രഫ.ജെസി ആന്റണി, ബിന്ദു പദ്മകുമാർ എന്നിവരെയും ചേർത്തിട്ടുണ്ട്. സുധാകരൻ നായർക്കു വേണ്ടി അഡ്വ.സെബാസ്റ്റ്യൻ കെ.ജോസ് ഹാജരായി.