Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാരുടെ കുറിപ്പടി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സമിതി

ആലപ്പുഴ- സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മരുന്നുകുറിക്കലില്‍ പിടിമുറുക്കി സര്‍ക്കാര്‍. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷന്‍ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി.
എല്ലാ സ്ഥാപനങ്ങളിലും ഇതു നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയുണ്ടാക്കണം.സ്ഥാപനമേധാവി ചെയര്‍മാനായും റീജണല്‍ മെഡിക്കല്‍ ഓഫീസര്‍ (ആര്‍.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്നിവരാകും അംഗങ്ങള്‍.
ഒരു മെഡിക്കല്‍ ഓഫീസര്‍മാത്രമുള്ള സ്ഥാപനങ്ങളില്‍ അതിന്റെ പരിധിയിലുള്ള ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചെയര്‍മാനായും സ്ഥാപനമേധാവി, സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിക്കണം. എല്ലാമാസവും കമ്മിറ്റി പരിശോധന നടത്തി അപാകമുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു കൈമാറണമെന്നും ഉത്തരവിലുണ്ട്.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കമ്മിറ്റി രൂപവത്കരിക്കാനാണു നിര്‍ദേശം. സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയതില്‍ ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് അനാവശ്യമായി മരുന്നുകുറിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വാദം. ബ്രാന്‍ഡഡ് മരുന്നുകള്‍ ഏറെ കുറിക്കുന്നതും അവരാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

Latest News