കൊല്ലം-സംസ്ഥാനത്ത് ആനകള്‍ക്ക് വേണ്ടി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജദിനാചരണം കൊല്ലം പുത്തന്‍കുളം ആനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടാനകളുടെ എണ്ണം 600 ല്‍ നിന്ന് 416 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആനയൂട്ടും ആന നീരാട്ടും സംഘടിപ്പിച്ചു.
ആനകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കൂട്ടരുണ്ടെങ്കിലും , കാട്ടിലും നാട്ടിലും ആനകള്‍ക്ക് രക്ഷയില്ലെന്നതാണ് യാഥാര്‍ത്ഥ്യം അതിക്രമങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ആനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയെന്നതാണ് അന്താരാഷ്ട്ര ആന ദിനത്തിലെ സന്ദേശം. വിവിധ കാരണങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 125 നാട്ടാനകളാണ് ചരിഞ്ഞത്.
കാട്ടിലലഞ്ഞ് നാടിറങ്ങി അപകടമുണ്ടാക്കുന്ന ആനകളും അപകടത്തില്‍ പെടുന്നതിലുണ്ട്. വാരിക്കുഴിയില്‍ വീണ് ചട്ടം പഠിച്ച ചില ആനകളുണ്ട്. മനുഷ്യ- മൃഗ സംഘര്‍ഷം ഓരോ ദിനവും കൂടിവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണത്തെ ആനദിനം. ദിനാചരണത്തിലുപരി, കരയിലെ ഏറ്റവും വലിയ സസ്തനിയെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാനുളള നടപടികള്‍ക്ക് തുടക്കമിടാനാന്‍ ആഹ്വാനം ചെയ്യുകയാണ് ഇത്തവണത്തെ ആനദിന സന്ദേശം. ആവാസ വ്യവസ്ഥയിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും കാട്ടാനകളുടെ ആയുസ്സ് കുറച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനൊപ്പം ഭക്ഷണം തേടി കാടുവിട്ടിറങ്ങുമ്പോള്‍ അപകടങ്ങള്‍ പതിവ്. ഗണ്യമായ രീതിയല്‍ കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറയുന്നെന്നാണ് കണക്ക്.
സംരക്ഷിച്ച് വളര്‍ത്തുന്നെന്ന് അവകാശപ്പെടുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ ശരാശരി ഓരോ വര്‍ഷവും 25 ആനകള്‍ ചരിയുന്നെന്നാണ് വിവരം. പരിപാലനത്തിലെ പാളിച്ചകള്‍ നയിക്കുന്നത് എരണ്ടകെട്ടിലേക്കും പാദ രോഗത്തിലേക്കും. അശാസ്ത്രീയമായ എഴുന്നളളത്തും ചട്ടംപഠിപ്പിക്കലുമാണ് മറ്റൊരു വില്ലന്‍. ഒരു കമ്പത്തിലുപരി വരുമാനമാഗ്ഗം കൂടിയാണ് മലയാളിക്ക് ആന. ആനപ്രേമത്തിന് കച്ചവടക്കണ്ണ് വരുമ്പോള്‍ അപകടം കൂടുമെന്ന് ഓരോ ആനദിനവും ഓര്‍മ്മപ്പെടുത്തുന്നു.