മലപ്പുറം- നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മലപ്പുറത്തു നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോർ ബസ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏറെക്കാലമായി പ്രവാസികളടക്കം നിരവധി പേർക്ക് പ്രയോജനകരമായിരുന്ന ബസാണ് നിർത്തലാക്കാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. എന്നാൽ ഇതിനെതിരെ മുസ്‌ലിം ലീഗും യൂത്ത് കോൺഗ്രസും രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിക്ക് ഏറെ വരുമാനമുണ്ടാക്കി കൊടുക്കുന്ന സർവീസാണിത്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിനനുസരിച്ചാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. നിരവധി പേർ എയർപോർട്ടിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ഈ സർവീസിനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇത് നിർത്തലാക്കാനുള്ള നീക്കം ദുരൂഹമാണെന്നും ഗൂഢാലോചനയുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. സ്വകാര്യ വാഹന ലോബികളെ സഹായിക്കാനാണ് നീക്കമെന്നാണ് വിമർശം.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും ഹജ് വകുപ്പ് മന്ത്രിക്കും പി.കെ കുഞ്ഞാലിക്കുട്ടി എം.പി കത്തയച്ചു. തീരുമാനം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ യാത്രയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ് തീർഥാടകർക്ക് നെടുമ്പാശേരിയിലെ ഹജ് ക്യാമ്പിലേക്കും വിമാനത്താവളത്തിലേക്കുമുള്ള യാത്രയെ തീരുമാനം ദോഷകരമായി ബാധിക്കും.
പുതിയ ഹജ് സീസണ് തുടക്കമാകാൻ പോകുന്ന ഈ അവസരത്തിൽ ഈ സർവീസുകൾ നിർത്തലാക്കുന്നത് തീർഥാടകർക്ക് ഏറെ പ്രയാസകരമാകും. ഇതിനു പകരം മറ്റ് ബസ് സർവീസുകൾ ആരംഭിക്കുന്നത് ഫലപ്രദമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എസ്.ആർ.ടി.സി തീരുമാനം പിൻവലിക്കണമെന്നും ബസ് നിലനിർത്തുന്നതിന് സമര പരിപാടികൾ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി പറഞ്ഞു.