ഗൂഡല്ലൂർ- കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ഊട്ടി സന്ദർശിച്ചു. ഇന്നലെ രാവിലെ ന്യൂദൽഹിയിൽനിന്നു വിമാനമാർഗം കോയമ്പത്തൂരിലെത്തിയ അദ്ദേഹം കാറിലാണ് ഊട്ടിയിലെത്തിയത്. നഗരപരിധിയിലെ എളനെല്ലിയിലെ സ്വകാര്യ റിസോർട്ടിൽ മുൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് നീലഗിരിയിലെ പ്രബല ഗോത്ര വിഭാഗമായ തോഡർ വിഭാഗത്തിന്റെ മുത്തനാട്മന്ദിലെ ക്ഷേത്രം സന്ദർശിച്ചു. ആദിവാസി മൂപ്പനുമായി സംസാരിച്ചു.
വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഉച്ചകഴിഞ്ഞ് 3.15ഓടെ ഗൂഡല്ലൂരിലെത്തിയ രാഹുൽ ഗാന്ധി കാറിൽ ഇരുന്ന് വഴിയരികിൽ കാത്തുനിന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിവാദ്യം ചെയ്തു.
എ.ഐ.സി.സി അംഗം അഡ്വ. കോശി ബേബി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുഹമ്മദ് ഹാജി, കെ. ഹംസ, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളാണ് ഗൂഢല്ലൂരിൽ രാഹുലിനെ കാത്തുനിന്നത്. കാറിന്റെ വേഗത നന്നേകുറച്ചാണ് എം.പി നഗരത്തിലൂടെ കടന്നുപോയത്. കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ഹസ്തദാനം ചെയ്തു. പാടന്തറ, ദേവർഷോല, നെല്ലാക്കോട്ട, പാട്ടവയൽ ടൗണുകളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനേകർ രാഹുലിനെ കാണാനെത്തി. രാഹുലിന്റെ യാത്ര കണക്കിലെടുത്ത് നീലഗിരിയിൽ എസ്.പി ഡോ. കെ. പ്രഭാകരൻ, ഡിവൈ.എസ്.പിമാരായ ശെൽവരാജ്, ശെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്.