Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ മടങ്ങിവരവ് വയനാട്ടുകാരുടെ വിജയം -കുഞ്ഞാലിക്കുട്ടി

കൽപറ്റ- സുപ്രീം കോടതി വിധിയിലൂടെ രാഹുൽ ഗാന്ധി എം.പി പദവയിൽ തിരിച്ചെത്തിയത് വയനാട്ടുകാരുടെ വിജയമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പി സർക്കാർ കുത്സിത മാർഗത്തിലൂടെ ലോക്‌സഭയിൽനിന്നു പുറത്താക്കാൻ ശ്രമിച്ചത് വയനാടൻ ജനതയെയാണ്. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നീതിയും നിയമവും അസ്തമിച്ചുവെന്ന ജനങ്ങളുടെ ഭയം അകറ്റുന്നതായി രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ സൂറത്ത് കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി. ജനാധിപത്യം കാത്തുസൂക്ഷിക്കാൻ നീതിപീഠമുണ്ടെന്ന വിശ്വാസം ജനങ്ങളിൽ വീണ്ടും വളരുകയാണ്. സുപ്രീം കോടതി ഉത്തരവിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരനെയാണ് രാജ്യത്തിനു തിരികെ കിട്ടിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്ത് മോഡിയെ നേരിടാൻ കെൽപ്പുള്ള ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്കൊപ്പംനിന്നു ഫാസിസത്തോടും വർഗീയതയോടും പോരടിക്കാനും വിജയിക്കാനും രാഹുലിനേ കഴിയൂ എന്നും മുൻ പ്രതിപക്ഷ നേതാവുമായ ചെന്നിത്തല പറഞ്ഞു. 
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതാക്കാൻ ബി.ജെ.പി നടത്തിയ നീക്കങ്ങളെയാണ് പരമോന്നത നീതിപീഠം പ്രഹരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ലോക്‌സഭയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് രാജ്യത്ത് വലിയ രാഷ്ട്രീയ വ്യതിയാനമാകാൻ പോകുകയാണ്. രാഹുലിന് ജനഹൃദയങ്ങളിലുള്ള  സ്ഥാനം ഇല്ലാതാക്കാൻ ബി.ജെ.പി എത്രശ്രമിച്ചാലും കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
കത്തിയെരിയുന്ന മണിപ്പുരിലെ തെരുവുകളിലൂടെ അശേഷം ഭയമില്ലാതെ നടന്നുനീങ്ങിയ രാഹുൽ ഗാന്ധി രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെയാകെ പ്രതീക്ഷയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മോഡി ഏറ്റവും ഭയപ്പെടുന്നത് രാഹുലിനെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മഹാത്മാഗാന്ധിയുടെ സഹനവും ജവഹർലാൽ നെഹ്‌റുവിന്റെ രാഷ്ട്രതന്ത്രജ്ഞതയും സമ്മേളിച്ച ജനനേതാവാണ് രാഹുൽ ഗാന്ധിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

Latest News