Sorry, you need to enable JavaScript to visit this website.

മന്ത്രി മാത്യു ടി.തോമസിന്റെ വീട്ടിൽ ദാസ്യപ്പണിയെന്ന് ആരോപണം 

തിരുവനന്തപുരം- ജലവിഭവമന്ത്രി മാത്യു ടി.തോമസിന്റെ വീട്ടിൽ അടിമപ്പണി ചെയ്യിക്കുന്നുവെന്ന് മുൻ പേഴ്‌സണൽ സ്റ്റാഫ് മാവേലിക്കര നൂറനാട് ചെറുമുഖം ക്ലാത്തറയിൽ ഉഷാ രാജേന്ദ്രൻ. മന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നേരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഉഷാ രാജേന്ദ്രൻ പത്രസമ്മേളനം നടത്തി. മന്ത്രിയുടെ മകളുടെ ഭർത്താവിന്റെ ഷൂ കഴുകി തുടച്ച് നൽകാൻ ആവശ്യപ്പെട്ടു, മന്ത്രിയുടെ ഭാര്യയുടെ കാലിൽ എണ്ണ തേയ്ക്കാൻ ആവശ്യപ്പെട്ടു തുടങ്ങിയവയാണ് ആരോപണം. ബംഗളൂരുവിൽ താമസിക്കുന്ന മന്ത്രിയുടെ മകളുടെ വീട്ടിൽ ജോലിക്ക് പോകാൻ ആവശ്യപ്പെട്ടെന്നാണ് മറ്റൊരു ആരോപണം. 
അടിമപ്പണി ചെയ്യാൻ വിസമ്മതിച്ചതോടെ ജോലിയിൽ നിന്ന് പറഞ്ഞു വിടാനായി മന്ത്രിയുടെ വാഹനത്തിന്റെ ഡ്രൈവർ സതീശനും പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ട സനൂഷയും ചേർന്ന് തനിക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ പരാതി നൽകി. ദാസ്യപ്പണി പുറത്ത് പറഞ്ഞാൽ പി.എസ്.സി പരീക്ഷ എഴുതി നിൽക്കുന്ന തന്റെ മകനെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സനൂഷയുടെ എ.ടി.എം കാർഡിൽനിന്ന് പണം പിൻവലിച്ച് നൽകാൻ തന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. എ.ടി.എം ഉപയോഗിക്കാൻ തനിക്ക് അറിയാത്തതിനാൽ പ്ലസ്ടുവിന് പഠിക്കുന്ന മകളെ ഉപയോഗിച്ചാണ് പലപ്പോഴായി പണം പിൻവലിച്ച് സനൂഷക്ക് നൽകിയത്. എന്നാൽ എ.ടി.എമ്മിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസിൽ പരാതി നൽകി. സനൂഷയുടെ കൈയിൽ നിന്നും 25,000 രൂപ കടം വാങ്ങിയിരുന്നു. 2018 ഡിസംബറിൽ തിരികെ നൽകാമെന്ന് മ്യൂസിയം സ്റ്റേഷനിൽ വെച്ച് സമ്മതിച്ചിട്ടുണ്ട്. എന്നാൽ തന്നെ ജോലിയിൽനിന്നു പറഞ്ഞുവിടാൻ മനഃപൂർവം മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഡ്രൈവർ സതീശൻ ഫോണിലൂടെ നിരന്തരം അസഭ്യം പറയുമായിരുന്നു. നിരവധി തവണ മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നും ഉഷാ രാജേന്ദ്രൻ പറഞ്ഞു. ഭീഷണി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ കേസ് ഒതുക്കി തീർക്കണമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന്റെ പിൻവാതിലിലൂടെ തന്നെ ഇറക്കി വിട്ടു. ദളിതരായ തങ്ങളെ കേസിൽ കുടുക്കി അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രിയുടെ ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ഉഷാ രാജേന്ദ്രൻ പറഞ്ഞു.
 

Latest News