മലപ്പുറം ജില്ലയിലെ വിളയില്‍ പറപ്പൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് ഇശലിന്റെ വാനമ്പാടിയായി വിളയില്‍ ഫസീല മാറുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആകാശ വാണിയില്‍ പാട്ടുപാടാന്‍ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ വിളയില്‍ സ്‌കൂളില്‍ നടത്തിയ സാഹിത്യ സമാജത്തിലൂടെയാണ് വിളയില്‍ വത്സല എന്ന കുഞ്ഞു ഗായികയെ വി.എം കുട്ടി കണ്ടെത്തുന്നത്. പിന്നീട് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് വി.എം.കുട്ടി തന്റെ വീട്ടിലേക്ക് പാട്ടുപഠിപ്പിക്കാന്‍ കൊണ്ടുവരുന്നത്. പാട്ടുപാടുന്നതോടൊപ്പം സ്‌കൂള്‍ പഠനം പുളിക്കല്‍ എ.എം.എം.എച്ച് എസിലേക്ക് മാറ്റി. അവിടം മുതലാണ് വത്സലയുടെ ജീവിതം പുതിയ വഴിത്തിരിവാകുന്നത്.
വി.എം കുട്ടി -വത്സല എന്ന ഗായക സംഘം നാടിനകക്കും പുറത്തും നിറഞ്ഞ് നിന്നു. പെരുന്നാള്‍ പ്രോഗ്രാമുകളില്‍ തിരക്കോട് തിരക്കായ കാലം. നാട്ടിലും ബെംഗളൂര്‍ അടക്കമുള്ള വലിയ നഗരങ്ങളിലുമൊക്കെയാണ് ഗാനമേളകള്‍. .പ്രോഗ്രാമിന് വേണ്ടി വി.എം.കുട്ടി മാഷുടെ വീട്ടില്‍ നിന്ന് മാപ്പിളപ്പാട്ടുകള്‍ പഠിക്കുമ്പോള്‍ ഇന്ദിര,ആയിഷ തുടങ്ങിയ സഹോദരിമാരുമുണ്ടാകും. കുട്ടികള്‍ വി.എം.കുട്ടി മാഷുടെ മക്കളുമായി കൂട്ടുകൂടം. മാഷുടെ മരിച്ചു പോയ ഭാര്യ ആമിനക്കുട്ടി ഫസീലയുമായി വളരെ ഇഷ്ടത്തിലുമായിരുന്നു. അവരുടെ നിസ്‌കാരം, നോമ്പ് അനുഷ്ടാനം, ഖൂര്‍ആന്‍ പാരായണം തുടങ്ങിയ ഫസീലയെ ആകര്‍ഷിച്ചിരുന്നു. വി.എം കുട്ടിയുടെ മക്കളില്‍ നിന്ന് അറബിയും അറബിമലയാളവും വശത്താക്കി. മാപ്പിളപ്പാട്ടില്‍ വരുന്ന അറബി ഉച്ചാരണങ്ങള്‍ ഇതുവഴി എളുപ്പമാക്കാന്‍ വത്സലക്കായി.
വി.എം.കുട്ടി മാഷുടെ വീട്ടില്‍ നിന്നാണ് മുസ്ലിം സംസ്‌കാരവും, ഇസ്ലാമിക വീക്ഷണവും തൊട്ടറിഞ്ഞത്. തട്ടമിട്ട് മാപ്പിളപ്പാട്ട് പാടുന്ന വല്‍സല വേദിയില്‍ അന്ന് ആസ്വാദകരുടെ അല്‍ഭുതമായിരുന്നു. അറബി കവി ഇമാം ബൂസൂരിയുടെ അറബിയിലുളള ബുര്‍ദ കാവ്യം ആലപിക്കുന്നത് കേട്ട് യേശുദാസ് പോലും അഭിനന്ദിച്ചിട്ടുണ്ട്. ദാസേട്ടന്‍ പിന്നീട് കാസറ്റിന് വേണ്ടി ബുര്‍ദ ആലപിച്ചപ്പോള്‍ പറഞ്ഞു കൊടുത്തതും ഫസീലയായിരുന്നു.
കേരളത്തില്‍ പെരുന്നാള്‍ കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ബെംഗളൂരില്‍ പെരുന്നാളുണ്ടാവുക. ഗള്‍ഫിലേക്കാളേറെ ബെംഗളൂരിലാണ് അന്ന് പെരുന്നാള്‍ പ്രോഗ്രാമുകളുണ്ടായിരുന്നത്. മാഷുടെ വീട്ടില്‍ നിന്ന് പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് ഞങ്ങള്‍ അന്ന് തന്നെ ബെംഗളൂരിലേക്ക് തിരിക്കും. അവിടെ ഒരു മുസ്ലിം പളളിയുടെ സമീപത്തായിരുന്നു ഞങ്ങളുടെ താമസം. ആ പളളിയിലേക്ക് പെരുന്നാളിന് എത്തിയവരുടെ നിസ്‌കാരം വല്ലാതെ ആകര്‍ഷിച്ചിരുന്നു. ദരിദ്രനെന്നോ, പണക്കാരനെന്നോ വ്യത്യസമില്ലാതെ എല്ലാവരും ഒന്നായി നിന്നു കൊണ്ടുളള നിസ്‌കാരം. ആ രീതിയില്‍ ഞാനാദ്യം കാണുകയാണ്. അന്ന് തൊട്ടാണ് വല്‍സലയില്‍ ഫസീലയിലേക്ക് മാറ്റം വേണമെന്ന ആഗ്രഹം മുളച്ചതും പിന്നീട് വിളയില്‍ ഫസീലയായതും.
ആറ് വയസില്‍ തുടങ്ങി 63 വയസിലെത്തുമ്പോഴും ഫസീലയുടെ ഗാനങ്ങള്‍ക്ക് എന്നും മാധുര്യമേറയായിരുന്നു...ഒരു കാലഘട്ടത്തില്‍ പാടിയ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ചുണ്ടില്‍ ഇന്നും തത്തിക്കളിക്കുന്ന നിരവധി ഗാനങ്ങള്‍....കിരികിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി.., ആമിന ബീവിക്കോമന മോനേ...,ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു.., മക്കത്തെ രാജാത്തിയായി...മുത്തിലും മുത്തൊളി..., കടലിന്റയിക്കരെ വന്നോരെ ഖല്‍ബുകള്‍ വെന്തു പുകഞ്ഞാരേ....ആകെലോക കാരണമുത്തൊളി.., ഉടനെ കഴുത്തെന്റെതറുക്കു ബാപ്പാ,,കണ്ണീരില്‍ മുങ്ങി..., മണി മഞ്ചലില്‍...മണവാട്ടി കരംകൊണ്ട് (പതിനാലാം രാവ്), കൊക്കരക്കൊക്കര കോയിക്കുഞ്ഞേ(മൈലാഞ്ചി), തക്കാളിക്കവിളത്ത് (സമ്മേളനം), ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ (1921) തുടങ്ങിയ ഒരായിരം പാട്ടോര്‍മകളോടെയാണ് ഇശലിന്റെ വാനമ്പാടി മറയുന്നത്.