തിരുവനന്തപുരം - കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകം റെഡിയായെന്നും ഇവ സംസ്ഥാനത്തെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരളത്തിലെ കരിക്കുലം കമ്മിറ്റി തയ്യാറാക്കിയ പുസ്തകം ഓണാവധി കഴിഞ്ഞ് സ്‌കൂളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്ത് ഒരു കരിക്കുലം സബ് കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ ഒഴിവാക്കിയ പാഠഭാഗം കേരളത്തിൽ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ഇവ ഉൾക്കൊള്ളിച്ചുള്ള പുതിയ പാഠപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ഓണാവധികഴിഞ്ഞാൽ ഇത് കുട്ടികളിലേക്കെത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.