തൃശൂര്‍- ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊന്ന പ്രവാസി പോലീസില്‍ കീഴടങ്ങി. ചേറൂര്‍ കല്ലടിമൂല സ്വദേശിനി സുലിയെയാണ് (46) ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ (50) സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.വിദേശത്ത് നിന്ന് ഭാര്യയുടെ പേരിലയച്ച ഒരു കോടിയിലധികം രൂപ കാണാനില്ലെന്നും, അവര്‍ക്ക് മൂന്ന് ലക്ഷം കടമുണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണന്റെ മൊഴി. എന്നാല്‍ വിദേശത്ത് കിച്ചണ്‍ സഹായി ആയ ഇയാള്‍ക്ക് അറുപതിനായിരം രൂപയാണ് ശമ്പളമെന്നും ഒരു കോടി നല്‍കിയെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നും വിയ്യൂര്‍ എസ്.എച്ച്.ഒ കെ.സി. ബൈജു പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. പോലീസെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന സുലിയെയാണ് കണ്ടത്. ഇതിനു ശേഷമാണ് നാട്ടുകാരും വീട്ടിലുണ്ടായിരുന്ന മകനും വിവരമറിഞ്ഞത്. മൊബൈലുള്‍പ്പെടെ പരിശോധിച്ച ശേഷമേ കൊലപാതക കാരണം വ്യക്തമാകൂ.നാലു ദിവസം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഉണ്ണിക്കൃഷ്ണന്‍ നാട്ടിലെത്തിയത്. കുറച്ചുകാലം മുമ്പാണ് ഇവര്‍ കല്ലടിമൂലയിലേക്ക് താമസം മാറിയത്. പാടത്തോടു ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശമാണിത്. പട്ടാമ്പി വാടാനാംകുറിശിയിലാണ് സുലിയുടെ വീട്. മക്കള്‍: അശ്വിന്‍, അപര്‍ണ.