കല്‍പ്പറ്റ- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എം.പി സ്ഥാനം പുനഃസ്ഥാപിച്ച ശേഷം ആദ്യമായിട്ടാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ആവേശോജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി ഒരുക്കുന്നത്. അദ്ദേഹം പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയിലെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കാല്‍ലക്ഷം പ്രവര്‍ത്തകരെത്തും. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ്, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജമീല അലിപ്പറ്റ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ചടങ്ങിനോടനുബന്ധിച്ച് കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും രാഹുല്‍ഗാന്ധി നിര്‍വഹിക്കും.നാളെ 11ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. വൈകിട്ട് ആറരയ്ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും.