ആലപ്പുഴ- അറുപത്തിയൊന്‍പതാമത് നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു മന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ്, ജില്ലയിലെ എം. പിമാര്‍, എം. എല്‍. എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡി. വൈ. എസ്. പി, 50 ഇന്‍സ്പെക്ടര്‍, 465 എസ്. ഐ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ കാര്യങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. വള്ളംകളി മത്സരങ്ങള്‍ രാവിലെ 11 മണിയോടെയാണ് ആരംഭിക്കുക.
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടക്കും. ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ട് നാലു മുതലാണ് നടക്കുക.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളും മത്സരിക്കും. ആദ്യമെത്തുന്ന നാലു വള്ളങ്ങള്‍ ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങും.
ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചു ജേതാക്കളെ തീരുമാനിക്കും. എഴുപത്തിരണ്ടു വള്ളങ്ങളാണ് ഒമ്പതു വിഭാഗങ്ങളിലായി നെഹ്‌റു ട്രോഫിയില്‍ മത്സരിക്കുന്നത്.