തൃശൂർ-ഹെൽമെറ്റിൽ അണലി കയറിയത് അറിയാതെബൈക്കിൽ യുവാവ് സഞ്ചരിച്ചത് മണിക്കൂറുകൾ. ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ ജിൻറോയുടെ ഹെൽമറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പിനെ ശ്രദ്ധയിൽപ്പെടാതിരുന്ന യുവാവ് ഹെൽമറ്റ് ധരിച്ച് ഗുരുവായൂരിൽ പോയി വന്നിരുന്നു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയിൽ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിൻറോ ഹെൽമറ്റ് തലയിൽ നിന്ന് ഊരുമ്പോഴാണ് പാമ്പ് നിലത്ത് വീണത്. ഇതോടെ ഭയന്നുപോയ യുവാവ് ഛർദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. രക്ത പരിശോധന അടക്കം നടത്തിയതിൽ നിന്ന് ജിൻറോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടികൾ അടക്കമുള്ള വീട്ടിലേക്കാണ് ഹെൽമറ്റിനുള്ളിൽ പാമ്പ് ഉണ്ടെന്ന് അറിയാതെ യുവാവ് എത്തിയത്. ഹെൽമറ്റിൽ അണലിക്കുഞ്ഞ് കയറി കൂടിയത് എങ്ങനെയാണെന്നത് അറിവായിട്ടില്ല.