തൃശൂർ-തൃശൂരിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മാടക്കത്തറ പഞ്ചായത്തിൽ വാർഡ് 15ൽ ( താണിക്കുടം) നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ വിജയം. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തി. എൽ.ഡി.എഫിലെ മിഥുൻ തിയ്യത്തുപറമ്പിലാണ് (സി.പി.ഐ) വിജയിച്ചത്. എൽ.ഡി.എഫിന് 827 വോട്ടും ബി.ജെ.പിക്ക് 653 വോട്ടും യു.ഡി.എഫിന് 175 വോട്ടും ലഭിച്ചു.
കഴിഞ്ഞതവണ എൽ.ഡി.എഫിന് 764 വോട്ടായിരുന്നു. ഇത്തവണ 827 വോട്ട് നേടി. 63 വോട്ടിന്റെ വർധനവുണ്ടായി. കഴിഞ്ഞ തവണ 458 വോട്ട് നേടിയ കോൺഗ്രസിന് ഇത്തവണ 283 വോട്ട് കുറഞ്ഞു. ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേക്കാൾ 209 വോട്ട് അധികം ലഭിച്ചു. പഞ്ചായത്തിൽ 16 വാർഡിൽ 13-ലും എൽ.ഡി.എഫാണ് വിജയിച്ചത്. ബി.ജെ.പി രണ്ടും കോൺഗ്രസ് ഒന്നുമാണ് കക്ഷി നില. വാർഡ് അംഗമായിരുന്ന. വി.എസ് സുഗേഷ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.