കോഴിക്കോട്- പിണറായി വിജയൻ ഏറ്റവും വലിയ കമ്യൂണിസ്റ്റാണെന്നും എന്നാൽ അയാൾ ഏറ്റവും വലിയ കോർപ്പറേറ്റ് ആകാനാണ് ശ്രമിക്കുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. ഇത് ജനങ്ങൾക്ക് മനസിലാകുന്നില്ല. അത് മനസിലാകുന്നതുവരെ താൻ ജീവിച്ചിരിക്കുമെന്ന് തോന്നുന്നില്ല. എന്നാലും മരണം വരെ പോരാട്ടം തുടരുമെന്നും ഗ്രോ വാസു പറഞ്ഞു.
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച മോർച്ചറിയ്ക്കു മുമ്പിൽ സംഘം ചേരുകയും മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്‌തെന്ന കേസിൽ അറസ്റ്റിലായ ഗ്രോ വാസു കുന്ദമംഗലം കോടതിയിൽ എത്തിയതായിരുന്നു അദ്ദേഹം. തന്റെ പോരാട്ടം കോടതിയോട് അല്ലെന്നും ഭരണകൂടത്തോടാണെന്നും അദ്ദേഹം പറഞ്ഞു. റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ ഇന്നലെ കുന്ദമംഗലം കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നില്ലെന്ന് ഗ്രോ വാസു പറഞ്ഞതോടെയാണ് നേരിട്ട് ഹാജരാക്കിയത്. സർക്കാരിന് രണ്ടുതരം നീതിയാണെന്നും ഈ ഭരണകൂടം ജനങ്ങളെ അങ്ങേയറ്റം അടിമകളാക്കി വച്ചിരിക്കുകയാണെന്നും ഗ്രോ വാസു പറഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് അടുത്തിടെ ഹൈബി ഈഡന് എതിരെ ഉണ്ടായത്. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഒരഭിപ്രായം അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ എല്ലാവർക്കും നാലുമണിക്കൂർ കൊണ്ട് തലസ്ഥാനത്തെത്താം എല്ലാവർക്കും സൗകര്യം കിട്ടില്ലേ?. അതേക്കുറിച്ച ഈ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയക്കാർ മിണ്ടിയോ?. അവരുടെ വലിയ നേതാക്കൻമാർ തന്നെ എതിർത്തില്ലേ?. ജനങ്ങൾ മയക്കത്തിലാണ്. 2016ൽ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിന് പിന്നാലെ മൃതദേഹങ്ങൾ സൂക്ഷിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുമ്പിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലാണ് ജൂലായ് 29ന് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.