ദുബായ്- യു.എ.ഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടുമൊരു ഇന്ത്യക്കാരൻ കോടീശ്വരൻ.
ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള മെഹ്‌സൂസിന്റെ 140-ാം നറുക്കെടുപ്പിലാണ് 57കാരനായ വെങ്കട്ട 2.2 കോടി രൂപ സ്വന്തമാക്കിയത്. മെഹ്‌സൂസ് നറുക്കെടുപ്പിൽ ഭാഗ്യം തെളിഞ്ഞ 56-ാമത്തെ കോടിപതിയാണ് പതിമൂന്നു വർഷമായി യു എ ഇയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം. കഴിഞ്ഞയാഴ്ച നടന്ന നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരന് 45 കോടി രൂപ ബമ്പർ സമ്മാനമായി ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് ജീവിതത്തെ മാറ്റിമറിക്കുന്ന ഭാഗ്യം ഇന്ത്യക്കാരനായ വെങ്കട്ടയെ തേടിയെത്തിയത്. ഭാര്യയും നാലു മക്കളുമുള്ള ഇദ്ദേഹം യു.എ.ഇയിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നിൽ ചുമട്ടു തൊഴിലാളിയാണ്.കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഒരു മകൻ യു.എ.ഇയിൽ കൊറിയർ കമ്പനിയിൽ ഡെലിവറി ജീവനക്കാരനാണ്.
തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു തുക നേടുന്നതെന്നായിരുന്നു വെങ്കട്ടയുടെ ആദ്യ പ്രതികരണം.
നറുക്കെടുപ്പിൽ ലഭിക്കുന്ന തുക കൊണ്ട് നാട്ടിലെ ഭവനവായ്പ അടച്ചു തീർക്കണമെന്നു പറഞ്ഞ അദ്ദേഹം ദീർഘകാലമായി സ്വപ്‌നം കണ്ടിരുന്ന സ്വന്തമായി ഒരു ബിസിനസ് സംരംഭം എന്ന ലക്ഷ്യം സഫലീകരിക്കുമെന്നും പറഞ്ഞു. പത്തു മാസം മുമ്പാണ് ഇദ്ദേഹം മെഹ്‌സൂസ് നറുക്കെടുപ്പിൽ ഭാഗ്യപരീക്ഷണം തുടങ്ങിയത്. പലതവണ പരാജയപ്പെട്ടിട്ടും മടുപ്പില്ലാതെ ഭാഗ്യാന്വേഷണം തുടരുകയായിരുന്നു.
788 ഇന്ത്യൻ രൂപ ചെലവിട്ട് വാങ്ങിയ മെഹ്‌സൂസ് കുപ്പി വെള്ളമാണ് വെങ്കട്ടയ്ക്ക് അപൂർവ ഭാഗ്യത്തിലേക്കുള്ള വഴിതുറന്നത്. അതുവഴി ശനിയാഴ്ചകളിൽ നടക്കുന്ന പ്രതിവാര നറുക്കെടുപ്പിൽ വെങ്കട്ടക്ക് അവസരം ലഭിക്കുകയായിരുന്നു. ഒരു ഭാഗ്യശാലിക്ക് മെഗാ സമ്മാനമായ 45 കോടി ഇന്ത്യൻ രൂപ നേടാം.പുതിയ പ്രതിവാര റാഫ്ൾ ഡ്രോയിൽ വിജയിക്കുന്ന ഒരു ഭാഗ്യശാലിക്ക് 2.2 കോടി ഇന്ത്യൻ രൂപയാണ് ലഭിക്കുക.
മെഹ്‌സൂസ് എന്നാൽ അറബിയിൽ ഭാഗ്യം എന്നാണ് അർത്ഥം. ഓരോ ആഴ്ചയും ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ പങ്കാളികളാകുന്നത്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്‌നോളജി ആൻഡ് ഓപ്പറേഷൻസ് മാനേജ്‌മെന്റ് കമ്പനിയായ ഇവിങ്‌സ് എൽ.എൽ.സിയാണ് മെഹ്‌സൂസിന്റെ മാനേജിംഗ് ഓപ്പറേറ്റർ.