Sorry, you need to enable JavaScript to visit this website.

പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികള്‍

തിരുവനന്തപുരം- 2023- 24 അക്കാദമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇതില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്.
 
ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വര്‍ഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതുതായി പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. 

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍- എയ്ഡഡ്- അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. 

കുട്ടികളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച് ഈ വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2023-24ലെ കുട്ടികളുടെ വിശദാംശങ്ങള്‍ (സ്‌കൂള്‍ തിരിച്ചുള്ള കണക്കുള്‍പ്പെടെ) സമേതം പോര്‍ട്ടലില്‍ (sametham.kite.kerala.gov.in) ലഭ്യമാണ്.

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.73 ശതമാനം) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.21) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയന വര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ്  രേഖപ്പെടുത്തുന്നു. 

ഈ അധ്യയന വര്‍ഷത്തെ ആകെ കുട്ടികളില്‍ 56 ശതമാനം (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44 ശതമാനം (16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.

Latest News