തൃശൂർ - പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സ്ഥാനം രാജിവെച്ച് കോൺഗ്രസ് വനിതാ നേതാവ്. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ വിമല സേതുരാമനാണ് എസ്.ഡി.പി.ഐയുമായുള്ള കൂട്ടുകെട്ടിൽ ഭരണം വേണ്ടെന്ന് പറഞ്ഞ് രാജിവെച്ചത്.
എസ്.ഡി.പി.ഐ വോട്ടുകൾകൂടി നേടി വിമല പഞ്ചായത്ത് പ്രസിഡന്റായത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശാനുസരണം രാജിവെച്ചത്.
14 അംഗ ഭരണസമിതിയിൽ ഏഴ് വോട്ടുകളാണ് വിമലയ്ക്ക് ലഭിച്ചത്. ഇതിൽ രണ്ടെണ്ണം എസ്.ഡി.പി.ഐയുടേതാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ആളുടേത് ഉൾപ്പെടെ ആറ് വോട്ടുകൾ എൽ.ഡി.എഫിനും ലഭിച്ചു. ബി.ജെ.പി അംഗം വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിന്ധു കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. കോൺഗ്രസ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച സിന്ധു പിന്നീട് ഇടതിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. ഇതിനെതിരെ വിമല സേതുരാമൻ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ സിന്ധു അയോഗ്യയായി. വിധിക്കെതിരെ സിന്ധു ഹൈക്കോടതിയെ സമീച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.