ആലപ്പുഴ - ആലപ്പുഴയിൽ ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി വീണ് യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി(45)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ഉടനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.15-ഓടെ മരിച്ചു.
ട്രെയിൻ മാറി കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം പിണഞ്ഞത്. എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിലാണ് യുവതി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ അതേസമയത്തുതന്നെ കൊച്ചുവേളി എക്‌സ്പ്രസും സ്റ്റേഷനിലെത്തി. ഇതോടെ അതിൽ കയറാനായി ഓടിയെങ്കിലും കിട്ടിയില്ല. തുടർന്ന് തിരിച്ച് നേരത്തെ കയറിയ പാസഞ്ചറിൽ തന്നെ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ ഇടതുകാലിന്റെ പാദം അറ്റിരുന്നു. തലയ്ക്കും കാര്യമായ പരുക്കുണ്ടായി. തുടർന്ന് യുവതിയെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.