Sorry, you need to enable JavaScript to visit this website.

ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക്

കോഴിക്കോട്- ഈ മെഡിക്കൽ കോളേജിന് മുമ്പിൽ മഴയും വെയിലും കെണ്ട് സമരമിരിക്കാൻ തുടങ്ങിയിട്ട് 81 ദിവസം കഴിഞ്ഞു. എനിക്ക് കിട്ടേണ്ട നീതിയെ ആരാണ് ഇനിയും അട്ടിമറിക്കുന്നത്.
പോലീസ് അനുകൂല റിപ്പോർട്ട് നൽകിയപ്പോൾ മെഡിക്കൽ ബോർഡ് യോഗത്തിലായിരുന്നു പ്രതീക്ഷ. പക്ഷെ കഴിഞ്ഞ ദിവസം അവർ പുറത്തുവിട്ട റിപ്പോർട്ട് എല്ലാം അട്ടിമറിക്കുന്നതായിരുന്നു. എന്റെ വയറ്റിൽകുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് കൂടി പറഞ്ഞു കളഞ്ഞു. പിന്നെ എവിടുന്നാണീ കത്രിക വയറ്റിൽ കുടുങ്ങിയത്... അത് വ്യക്തമാക്കാനുള്ള ബാധ്യത സർക്കാരിനില്ലേ ? ഇല്ലെങ്കിൽ നീതി കിട്ടും വരെ സമരം തുടരും...'
മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം കേസ് വീണ്ടും അട്ടിമറിക്കപ്പെടുന്നതിന്റെ സങ്കടത്തിലാണ് ഹർഷീന.
 'മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ. 81 ദിവസമായി സമരത്തിൽ. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സർക്കാർ വെച്ചു നീട്ടിയ രണ്ടുലക്ഷം വേണ്ടെന്നുവെച്ചു. രണ്ടു ലക്ഷമല്ല നേരത്തെ ഞങ്ങൾ ആവശ്യപ്പെട്ടതുപ്രകാരം അമ്പത് ലക്ഷം തന്നാലും തീരുമോ ഞാനനുഭവിച്ച വേദന? നിങ്ങൾ പറയ്.ഗദ്ഗദത്തോടെ ഈ യുവതി ചോദിക്കുമ്പോൾ, കേൾക്കുന്നവരെ പോലും അത് സങ്കടത്തിലാക്കും.
പണമല്ല ഇപ്പോൾ പ്രശ്‌നം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയതെന്ന പോലീസ് റിപ്പോർട്ട് അംഗീകരിക്കാൻ ചേർന്ന മെഡിക്കൽ ബോർഡ് യോഗം  റിപ്പോർട്ട് തള്ളി സംഭവത്തിൽ ഉൾപ്പെട്ട ഡേ
ക്ടർമാരെയും മറ്റു ജീവനക്കാരെയും രക്ഷിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വ്യാപക ആക്ഷേപമുയർന്നു കഴിഞ്ഞിട്ടുണ്ട്.കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് പറയാനാവില്ലെന്നായിരുന്നു അവരുടെ തിരുത്തൽ. ഇനി അത് അംഗീകരിച്ചാലും മറ്റ് രണ്ട് ശസ്ത്രക്രിയകളെല്ലാം നടന്നത് സർക്കാർ ആശുപത്രിയിൽ നിന്നല്ലേ. അതെന്തുകൊണ്ട് ഇവരൊന്നും അന്വേഷണ പരിധിയിൽ പെടുത്തുന്നില്ല. നഷ്ടപരിഹാരത്തിന്റെ വലുപ്പം എത്രയെന്നതല്ല, സത്യം പുറത്തുവിടട്ടെ. ഇതോടെ നാളെ ഉണ്ടാകാൻപോകുന്ന ഒരുപാട് ഹർഷീനമാർ ഇല്ലാതാകണം. ഹയർ അതോറിറ്റിക്കും കോടതിക്കും പരാതി നൽകാനൊരുങ്ങുകയാണവർ. 16ന് സെക്രട്ടറിയേറ്റ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഹർഷീനയുടെ സമരം നീതിക്കുവേണ്ടിയുള്ളതാണ്. സർക്കാരും ആരോഗ്യവകുപ്പും അത് അംഗീകരിക്കുന്നു വെന്നുപറഞ്ഞ് സമരപന്തലിലെത്തിയ ആരോഗ്യമന്ത്രി ഇനി നേരിട്ട് വരട്ടെ. കാര്യങ്ങൾ മനസ്സിലാക്കി നീതിയുക്തമായ ഒരു തീരുമാനം അവർ പറഞ്ഞാലല്ലാതെ ഈ സമരത്തിൽ നിന്നും മാറുകയില്ലെന്നാണ് എന്റെ തീരുമാനമെന്ന് ഹർഷീന പറഞ്ഞു.
ഓഗസ്റ്റ് എട്ടിനാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റേഡിയേളജിസിറ്റില്ലെന്ന പേരിൽ ഓഗസ്റ്റ് ഒന്നിനുവെച്ച യോഗം എട്ടിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം ജില്ലയിൽ നിന്നുള്ള മിനിമോൾ മാത്യുവാണ് യോഗത്തിൽ പങ്കടുക്കുകയെന്നായിരുന്നു ഡി.എം.ഒ ഓഫീസിൽ നിന്നുള്ള അറിയിപ്പ്. വന്നതാകട്ടെ തികച്ചും ജൂനിയറായ ഡോ. പി.ബി. സലീം. ഇദ്ദേഹമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പോലീസ് റിപ്പോർട്ട് തള്ളിയത്. റിപ്പോർട്ട് സമർപിച്ച എ.സി. സുദർശനുപുറമേ യോഗത്തിൽ പബ്ലിക് പ്രോസിക്യൂട്ടറും പങ്കെടുത്തിരുന്നു. ഇവർ ഇരുവരുടേയും വിയോജിപ്പ് രേഖപ്പെടുത്തിയാണ് ബോർഡ് കോഴിക്കോട് മെഡിക്കൽ കോളേജിനും ഡോക്ടർമാർക്കുമെതിരായ പോലീസ് റിപ്പോർട്ട് തള്ളിയത്. എന്തുകൊണ്ടാണ് ന്യായമായ പോലീസ് റിപ്പോർട്ട് തള്ളിയതെന്ന് മനസ്സിലാവുന്നില്ലെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.. ഇതിന് പിന്നിൽ കാര്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. രാഷ്ട്രീയമില്ലാത്ത ഹർഷീനയ്ക്ക് പിന്നിൽ തങ്ങളെല്ലാം അണിനിരന്നത് നീതി നിഷേധിക്കപ്പെടരുതെന്ന ഒറ്റ ലക്ഷ്യം കൊണ്ടാണ്. ഇനി തീതി കിട്ടിയാലേ പിൻമാറുകയുള്ളൂമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Latest News