Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് വിമതനെ പുതുപ്പള്ളിയിൽ നിർത്താനുള്ള സി.പി.എം നീക്കം പാളി

കോട്ടയം - പുതുപ്പള്ളിയിലെ സി.പി.എമ്മിന്റെ ആദ്യ രാഷ്ട്രീയ നീക്കത്തിന്റെ മുനയൊടിച്ച് കോൺഗ്രസ്. കോൺഗ്രസ് ക്യാമ്പിൽ നിന്നും ആളെ അടർത്തിമാറ്റി ചാണ്ടി ഉമ്മനെതിരെ ആരോപണങ്ങൾ ഉതിർക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ മൊട്ടയടി മോഡൽ നീക്കമാണ് പൊളിച്ചത്. അതേസമയം ഈ നീക്കത്തിന് ചുക്കാൻ പിടിച്ച ജില്ലയിലെ മുതിർന്ന നേതാവിന്റെ പാളിച്ചയാണ് വിവരം മാധ്യമങ്ങളിലെത്തിയതെന്ന വിമർശനം സി.പി.എം സർക്കിളിൽ ഉയർന്നു. പാർട്ടി ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടർന്ന് രാത്രി തന്നെ നേതാവ് തിരുത്തി. സ്വതന്ത്രനെ മത്സരിപ്പിക്കുമെന്ന അഭിപ്രായത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം തുടങ്ങിയതോടെയാണ് സി.പി.എം നേതൃത്വം അടിയന്തര തിരുത്തലിന് ആവശ്യപ്പെട്ടത്. ഇതിനിടെ കോൺഗ്രസ് സജീവമായി. ഇടഞ്ഞു നിൽക്കുന്ന നിബുവിനെയും ഫിൽസണെയും അനുനയിപ്പിക്കാൻ വി.പി. സജീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പുതുപ്പള്ളിയിൽ പറന്നെത്തി. ഫോണിൽ പോലും കിട്ടാത്ത നേതാക്കളെ കണ്ടെത്തി ചർച്ച നടത്തി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നീക്കം ഏകോപിപ്പിച്ചു. വ്യാഴാഴ്ച്ച നിയമസഭ പിരിഞ്ഞ ഉടനെതന്നെ വി.ഡി. സതീശൻ കോട്ടയത്തെത്തി ഡി.സി.സിയിൽ നേതാക്കളുമായി ചർച്ച നടത്തി. സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിക്കുംവരെ കരുതലോടെയിരിക്കാൻ ഡി.സി.സി നേതൃത്വത്തെ ചുമതലപ്പെടുത്തി.
ബുധനാഴ്ച്ച രാത്രിയാണ് പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസിന്റെ ജനപ്രതിനിധി രാജിവെച്ച് സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നത്. സി.പി.എം ചർച്ച നടത്തുന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കുടുംബം ഉൾപ്പടെ ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. വൈകാതെ കെ.പി.സി.സി പ്രസിഡന്റിന്റെ ദൗത്യവുമായി വി.പി. സജീന്ദ്രനും, ആന്റോ ജോസഫും, ലിജുവും രംഗത്തുവന്നു. രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് വിമതയായ മാതൃകയിൽ നീക്കം നടത്താനായിരുന്നു സി.പി.എം ശ്രമം നടത്തിയത്. അനുനയ ചർച്ചയോടെ മത്സരിക്കില്ലെന്ന് നിബു ജോണും വ്യക്തമാക്കി.  ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും പുതുപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് പ്രമുഖനുമാണ് നിബു. പുതുപ്പള്ളിയിൽ അരിവാൾ ചുറ്റിക ചിഹ്നത്തിൽത്തന്നെ സ്ഥാനാർഥി വരുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് സഹകരണ മന്ത്രിയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.എൻ. വാസവൻ പ്രതികരിച്ചപ്പോൾ തന്നെ കോൺഗ്രസ് കേന്ദ്രങ്ങളിൽ സംശയം ഉയർന്നിരുന്നു. ഇതോടെയാണ് നിബുവിന്റെ പേര് ചർച്ചയായത്. 
നേരത്തെ ജയ്ക് സി. തോമസ് അടക്കം മൂന്ന് സി.പി.എം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് കോൺഗ്രസുമായും ഉമ്മൻ ചാണ്ടിയുമായും അടുത്ത ബന്ധമുള്ള അപ്രതീക്ഷിത സ്ഥാനാർഥിയെ എത്തിക്കാനുള്ള ശ്രമമാണ് ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നും നടന്നത്. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതിനിടെ സോഷ്യൽ മീഡിയ നിബുവിന്റെ പേര് ചർച്ചയാക്കി. പ്രതികരണത്തിന് നിബുവിനെ കിട്ടിയതുമില്ല. ഇതിനിടെയാണ് നിബുവിനെ അനുനയിപ്പിച്ചുവെന്ന സൂചന കോൺഗ്രസ് കേന്ദ്രങ്ങൾ നൽകിയത്. അത് സത്യമാണെന്ന് നിബു തന്നെ പറയുകയും ചെയ്തു. 
ചാണ്ടി ഉമ്മനെതിരെ പൊതു സ്വതന്ത്രനെ രംഗത്തിറക്കണമെന്നാണ് എൽ.ഡി.എഫിലെ പൊതുനിലപാട്. ഇതാണ് നിബുവിലേക്ക് എത്താൻ എൽ.ഡി.എഫിനെ പ്രേരിപ്പിച്ചത്. നിബുവിന്റെ പേര് പല കോണുകളിലും പറയുന്നുണ്ടെങ്കിലും എൽ.ഡി.എഫ് നേതൃത്വം ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. വ്യാഴാഴ്ച കോട്ടയത്ത് നിബു ജോൺ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നതും ഇതിനിടെ വാർത്തയായി. സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ, കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ നിബുവിനെതിരെ ശക്തമായ പ്രചാരണം ആരംഭിച്ചു. പിന്നാലെ നിബുവും നിലപാട് വ്യക്തമാക്കി. പുതുപ്പള്ളിയിൽ വിമതനായി മത്സരിക്കുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നായിരുന്നു നിബു പ്രതികരിച്ചത്. ഇടത് നേതാക്കളോ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളോ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ല. ചാണ്ടി ഉമ്മനുവേണ്ടിയുള്ള പ്രചാരണത്തിലാണ് താനെന്നും നിബു ജോൺ വ്യക്തമാക്കി. 'അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വരുമ്പോഴാണ് ഇത്തരമൊരു വാർത്ത അറിയാനിടയായത്. അപ്പോൾ തന്നെ നിഷേധിച്ചിട്ടുണ്ട്. സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സി.പി.എമ്മുമായോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ ഇത്തരമൊരു വിഷയത്തിൽ ഒരുതരത്തിലുമുള്ള ചർച്ച നടത്തിയിട്ടില്ലെ'ന്നും നിബു അറിയിച്ചു.
ഇതിനിടെ ഇടതു മുന്നണി വ്യാഴാഴ്ച്ച അടിയന്തര യോഗവും വാർത്താ സമ്മേളനവും വിളിച്ചത് അഭ്യൂഹത്തിനിടയാക്കി. അടർത്തിമാറ്റിയ വിശ്വസ്തനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനായിരുന്നു വാർത്താ സമ്മേളനം വിളിച്ചതെങ്കിലും അത് പാളിയതോടെ വിഷയം മാറ്റി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാനാണ് വാർത്താ സമ്മേളനം വിളിച്ചതെന്ന് മാധ്യമങ്ങളെ അറിയിച്ചു.

Latest News