ആലപ്പുഴ- പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. 2017 ന് ശേഷം ആദ്യമായാണ് നെഹ്‌റുട്രോഫി ടൂറിസം കലണ്ടർ പ്രകാരം തന്നെ ഓഗസ്റ്റ് 12 തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം സി.ബി.എല്ലിന്റെ ഭാഗമായാണെങ്കിൽ ഇത്തവണ തനതായാണ് സംഘടിപ്പിക്കുന്നത്. ഒൻപത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ 4 ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ 3 വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റുട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെ.എസ്.ആർ.ടി.സി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടൂറിസിസ്റ്റ് ഗോൾഡ്, സിൽവർ പാസുകൾ എടുത്തിട്ടുള്ളവർ ബോട്ടിൽ നെഹ്‌റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയിൽ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉൾപ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുമ്പ് എത്തേണ്ടതാണ്. വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡി.വൈ.എസ്.പി, 50 ഇൻസ്‌പെക്ടർ, 465 എസ്.ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ 5 മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിംഗ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എം.പിമാർ എം.എൽ.എമാർ തുടങ്ങിയവരും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടർ ഹരിതാ വി കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രചാരണ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ആളുകൾ സ്‌പോൺസർ ചെയ്യാനായി മുന്നോട്ട് വരുന്ന സാഹചര്യം ഉണ്ടായി. ബോണസും മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിച്ചു.
ജില്ല പോലീസ് ചീഫ് ചൈത്ര തെരേസ ജോൺ ഐ.പി.എസ്,എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറി സൂരജ് ഷാജി ഐ.എ.എസ്, പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, പബ്ലിസിറ്റി കമ്മറ്റി കൺവീനർകെ.എസ്.സുമേഷ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി. സജീവ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.