Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് റീ എൻട്രി അടിച്ചശേഷം നാട്ടിൽ പോയില്ലെങ്കിൽ

എക്‌സിറ്റ് റീ എൻട്രി അടിച്ചശേഷം നാട്ടിൽ പോയില്ലെങ്കിൽ

ചോദ്യം: കഴിഞ്ഞ വർഷം സ്‌പോൺസർ എനിക്ക് എക്‌സിറ്റ് റീ എൻട്രി  അടിച്ചിരുന്നു. എന്നാൽ അതു പ്രയോജനപ്പെടുത്തി ഞാൻ നാട്ടിൽ പോയില്ല. ഇപ്പോൾ എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞു. ഇനി ഇഖാമ പുതുക്കി എക്‌സിറ്റ് റീ എൻട്രി അടിക്കുന്നതിന് ആയിരം റിയാൽ പിഴയായി നൽകണമെന്ന് സ്‌പോൺസർ പറയുന്നു. ഇതു ശരിയാണോ?

ഉത്തരം: എക്‌സിറ്റ് റീ എൻട്രി അടിച്ച ശേഷം വിദേശ തൊഴിലാളി അവധിക്കു പോയില്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിയുന്നതിനു മുമ്പ് അതു റദ്ദാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിലാണ് റദ്ദാക്കുന്നതെങ്കിൽ പിഴ നൽകേണ്ടതില്ല. അതിനു ശേഷമാണെങ്കിൽ ആയിരം റിയാൽ പിഴ നൽകണം. എക്‌സിറ്റ് റീ എൻട്രി അടിച്ചശേഷവും അവധിക്കു പോകാതിരുന്നതിന് കാരണം നിങ്ങളാണെങ്കിൽ പിഴ നൽകേണ്ടത് നിങ്ങളാണ്. അതിന് സ്‌പോൺസർ ഉത്തരവാദിയല്ല. അതേസമയം സ്‌പോൺസറുടെ നിർദേശാനുസരണമാണ് എക്‌സിറ്റ് റീ എൻട്രി അടിച്ച ശേഷം പോകാതിരുന്നതെങ്കിൽ പിഴ അടക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.

എക്‌സിറ്റ് റീ എൻട്രിക്കാരന് ഒരു വർഷത്തിനുശേഷം തിരിച്ചു വരാമോ?

ചോദ്യം: കഴിഞ്ഞ വർഷം എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിലേക്കു പോയ ആളാണ് ഞാൻ. കുടുംബ പ്രശ്‌നങ്ങളാൽ നിശ്ചിത സമയത്തിനകം തിരിച്ചു വരാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. സൗദിയിലുള്ള എന്റെ സഹോദരൻ എനിക്ക് വിസിറ്റിംഗ് വിസ എടുക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ ആ വിസയിൽ എനിക്കപ്പോൾ തിരിച്ചു സൗദിയിൽ പ്രവേശിക്കാൻ കഴിയുമോ?

ഉത്തരം: എക്‌സിറ്റ് റീ എൻട്രി നിയമം ലംഘിച്ചതിനാൽ നിങ്ങൾക്ക് മൂന്നു വർഷം കഴിയാതെ തിരിച്ചു വരാൻ കഴിയില്ല. എക്‌സിറ്റ് റീ  എൻട്രിയിൽ പോയ ശേഷം കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചു വന്നില്ലെങ്കിൽ അത്തരക്കാർക്ക് പിന്നീട് സൗദിയിൽ പ്രവേശിക്കണമെങ്കിൽ മൂന്നു വർഷം കഴിയണമെന്നാണ് നിയമം. അതിനാൽ നിലവിലെ സാഹചര്യത്തിൽ വിസിറ്റിംഗ് വിസയിലെന്നല്ല, മറ്റു വിസകളിലും തിരിച്ചു വരാനാവില്ല. അതേസമയം പഴയ സ്‌പോൺസർ തന്നെ തൊഴിൽ വിസ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്കു തിരിച്ചു വരാം. നിരോധിത കാലയളവിന്റെ തീയതി കണക്കാക്കുമ്പോൾ ഹിജറ കലണ്ടറിനെയാണ് അവലംബിക്കേണ്ടത്. ജവാസാത്ത് ഹിജറ കലണ്ടർ പ്രകാരമാണ് തീയതി കണക്കാക്കുന്നത്. 


പുതുക്കിയ പാസ്‌പോർട്ടുമായി വരൽ

ചോദ്യം: എക്‌സിറ്റ് റീ എൻട്രിയിൽ ഞാൻ സൗദിക്കു പുറത്താണുള്ളത്. ഇതിനിടെ എന്റെ പാസ്‌പോർട്ട് പുതുക്കി. ഇനി പുതിയ പാസ്‌പോർട്ടിൽ സൗദിയിൽ പ്രവേശിക്കാൻ കഴിയുമോ? പുതിയ പാസ്‌പോർട്ട് ജവാസാത്തിൽ എന്റർ ചെയ്യാൻ ഇവിടെ നിന്നുകൊണ്ട് കഴിയുമോ?

ഉത്തരം: സ്‌പോൺസർക്ക് അബ്ശിർ, മുഖീം അക്കൗണ്ട് വഴി ഇതു ചെയ്യാൻ കഴിയും. അതിന് എന്തെങ്കിലും പ്രയാസം സ്‌പോൺസർക്കുണ്ടെങ്കിൽ തവസുൽ പ്ലാറ്റ്‌ഫോമിൽ പുതിയ പാസ്‌പോർട്ടിന്റെ വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്.


 

Latest News