Sorry, you need to enable JavaScript to visit this website.

ലോഡ്ജ് മുറിയിലെ കൊലപാതകം, നൗഷാദ് മറ്റൊരു വധശ്രമക്കേസിലും പ്രതി

കൊച്ചി- ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതിയെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാന്തലാട്ട് തലയാട് ജുമാ മസ്ജിദിന് സമീപം തോട്ടില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ പി എ നൗഷാദ്(31) ആണ് അറസ്റ്റിലായത്.

കലൂര്‍-പൊറ്റക്കുഴി റോഡില്‍ കൈപ്പിള്ളി മദ്രസ ലൈനില്‍ കൈപ്പിള്ളി അപ്പാര്‍ട്‌മെന്റിലെ ഒയോ ലോഡ്ജില്‍  കെയര്‍ ടേക്കറായ പ്രതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഇഷ്ടത്തിലായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മയെ (27)യാണ് ബുധനാഴ്ച രാത്രി കുത്തിക്കൊലപ്പെടുത്തിയത്. ലോഡ്ജിന്റെ രണ്ടാം നിലയിലെ ആറാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു കൊലപാതകം. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.  പ്രതിയെ ഇന്നലെ വൈകിട്ട് ലോഡ്ജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് അപ്പാര്‍ട്ട്മെന്റിന് സമീപത്തെ വീട്ടുവളപ്പില്‍നിന്ന് കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയശേഷം പ്രതി കത്തി സമീപത്തെ വീട്ടുവളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു.  പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിനു കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

കൊലപ്പെടുത്തുന്നതിന്  മിനുട്ടുകള്‍ക്ക് മുന്‍പേ പ്രതി നൗഷാദ് യുവതിയെ  വിചാരണ നടത്തിയ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്നു വര്‍ഷമായി ഇവര്‍ തമ്മില്‍ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടിട്ട്. യുവതിയെ വിവാഹം കഴിക്കണമെന്നും ലിവിങ്ങ് ടുഗതര്‍ ആയി ജീവിക്കുന്നതിന് ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നിരന്തരമായി പ്രതിയുമായി തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കിടയില്‍ രേഷ്മ തന്റെ ശാരീരികമായ പോരായ്മകള്‍ പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി നൗഷിദിന് അടുത്തിടെ സംശയമുണ്ടായി. ഈ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികസൂചന.  എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്ത പ്രതി താന്‍ കെയര്‍ടേക്കറായി ജോലിചെയ്യുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് രേഷ്മയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍വെച്ച് രേഷ്മയെ ചോദ്യംചെയ്യാന്‍ തുടങ്ങി. എന്തിന് തന്നെക്കുറിച്ച് മോശംകാര്യങ്ങള്‍ പറഞ്ഞു, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളെല്ലാമാണ് പ്രതി ചോദിക്കുന്നത്. എന്നാല്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി. പ്രതിയുടെ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിക്കുകയും ചെയ്തു. ഈ സമയമെല്ലാം രേഷ്മ കരയുകയായിരുന്നു. അവസാനം കരഞ്ഞുകൊണ്ട് 'എന്നാല്‍ തന്നെ കൊന്നോളൂ' എന്നും രേഷ്മ വീഡിയോയില്‍ പറയുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ കൊലപാതകം നടന്നതായാണ് കരുതുന്നത്. രേഷ്മയുടെ കഴുത്തില്‍ തുടര്‍ച്ചയായി കുത്തിയതിനാല്‍ കഴുത്തില്‍ കൂടുതല്‍ മുറിവുകളുണ്ട്. ഇതാണ് മരണകാരണമായത്.

അപ്പാര്‍ട്ട്മെന്റില്‍നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തുമ്പോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.  യുവതിയെ കൊലപ്പെടുത്തിയ ശേഷം കൃത്യം നടത്തിയത് മറ്റാരെങ്കിലുമാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് നൗഷിദിനെ സംശയമുണ്ടായി. അപ്പാര്‍ട്ട്മെന്റില്‍ യുവതിക്ക് കുത്തേറ്റിട്ടും കെയര്‍ടേക്കറായ നൗഷിദ് ഈ വിവരം ആദ്യം പോലീസില്‍ അറിയിക്കാത്തതായിരുന്നു ആദ്യത്തെ സംശയം. ഇതോടെ പ്രതിയെ രാത്രിതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് കൃത്യം നടത്തിയത് നൗഷാദ് തന്നെയാണെന്ന് വ്യക്തമായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.

കൊച്ചിയില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. രേഷ്മ.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

 

Latest News