തൃശൂര്‍- ചെറുപ്പം മുതലേ മണ്ണും വെള്ളവും മൃഗങ്ങളും എല്ലാം കൂട്ടായി കളിച്ചു വളര്‍ന്ന ശ്യാം മോഹന്‍ ഇന്ന് കേരളത്തിലെ മികച്ച യുവകര്‍ഷകന്‍ ആണ്. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് വെള്ളാങ്കല്ലൂര്‍ സ്വദേശി ചങ്ങനാത്ത് വീട്ടില്‍ ശ്യാംമോഹനാണ്.വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ശാരദയുടെയും മോഹനന്റെയും മകനാണ് ശ്യാം മോഹന്‍. വിദേശത്തെ അക്കൗണ്ടിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്ന് മണ്ണിനെയും പഴയ കൃഷി രീതിയെയും സ്‌നേഹിച്ചും തൊട്ടറിഞ്ഞും ശ്യാം ഇന്ന് മികച്ച കര്‍ഷകന്‍ ആയിരിക്കുകയാണ്.പഴമയുടെ നാട്ടറിവുകളും കേട്ടറിവുകളും ഭാഗമാക്കി നൂതന കൃഷി രീതിയിലൂടെ മനസ്സറിഞ്ഞ് ജോലി ചെയ്യുകയാണ് ശ്യാം. വിത്ത് മുതല്‍ വിപണനം വരെയാണ് ഇവിടുത്തെ കൃഷി രീതി. പൂര്‍ണ്ണമായും വിഷരഹിത പച്ചക്കറികള്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ ശ്യാമിന് കഴിഞ്ഞിട്ടുണ്ട്. താന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ഉല്‍പ്പന്നങ്ങളുടെയും ക്വാളിറ്റി ടെസ്റ്റ് ചെയ്ത ശേഷമാണ് നല്‍കുന്നത്.പച്ചക്കറിക്ക് പുറമെ മൃഗസംരക്ഷണത്തിലും പരിപാലനത്തിലും മുന്‍പിലാണ് ശ്യാം. സ്വന്തമായും പാട്ടത്തിനെടുത്തും ആറര ഏക്കറില്‍ ശ്യാം കൃഷി നടത്തി വരുന്നു. പൊട്ടു വെള്ളരി,വഴുതന,കുക്കുമ്പര്‍,തണ്ണിമത്തന്‍,കൊത്തമര,കോളിഫ്‌ലവര്‍, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്ക് പുറമെ ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്. ജൈവവളക്കൂട്ടുകളും ജൈവ കീടനാശിനികളും സ്വന്തമായി ഉണ്ടാക്കി തന്റേതായ ശൈലിയിലുള്ള കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.വൈറ്റ് കോളര്‍ ജോലി തേടിപ്പോകുന്ന എല്ലാ യുവാക്കള്‍ക്കും മാതൃകയാണ് ശ്യാമോഹന്‍ എന്ന യുവകര്‍ഷകന്‍. മണ്ണിനെയും കൃഷിയെയും സ്‌നേഹിച്ചാല്‍ അവര്‍ കൂടെ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിന്റെ ഉത്തമ മാതൃക കൂടിയാണ് ശ്യാം.