പുൽപള്ളി-അർബുദ ചികിത്സയ്ക്കു പണമില്ലാതെ വിഷമിക്കുന്ന കർഷകന് ജപ്തി നോട്ടീസ്. സീതാമൗണ്ട് പുഞ്ചക്കര ജോസഫാണ് ജപ്തി ഭീഷണിയിൽ. ഭൂമി ഈ മാസം 24ന് ലേലം ചെയ്യുമെന്ന് കാണിച്ച് പാടിച്ചിറ വില്ലേജ് ഓഫീസിൽ നോട്ടീസ് പതിച്ചു. ഇതോടെ ജോസഫും കുടുംബവും ആശങ്കയിലായി. രണ്ടര ഏക്കർ സ്ഥലം പണയപ്പെടുത്തി 2015ലാണ് ജോസഫ് സുൽത്താൻബത്തേരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്നു 18 ലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി നടത്തിയിരുന്ന തിരിച്ചടവ് രോഗം ബാധിച്ചതോടെ മുടങ്ങി. കൃഷികൾ നശിക്കുകയും പശുക്കൾ രോഗം ബാധിച്ച് ചാകുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. 38 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് ഒടുവിൽ ബാങ്കിൽനിന്നു നോട്ടീസ് വന്നത്. സ്ഥലം വിറ്റ് കടം വീട്ടാൻ സന്നദ്ധനാണെങ്കിലും വാങ്ങാനാളില്ലാത്ത സാഹചര്യമാണെന്ന് ജോസഫ് പറയുന്നു. ലേല നടപടികൾ നിർത്തിവയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജോസഫിനെ കർഷക സമര സമിതി ഭാരവാഹികളായ വിൻസന്റ് ചൂനാട്ട്, ചെറിയമ്പനാട്ട് അപ്പച്ചൻ എന്നിവർ സന്ദർശിച്ച് പിന്തുണ അറിയിച്ചു.