തളിപ്പറമ്പ്-ചന്ദനവേട്ടക്കിടയിൽ നാടൻ തോക്ക് കണ്ടെത്തി. മാതമംഗലത്തിനടുത്ത് പാണപ്പുഴയിൽ കഴിഞ്ഞ രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രതീശനും സംഘവും നടത്തിയ റെയിഡിലാണ് ചന്ദനവും നാടൻ തോക്കും കണ്ടെത്തിയത്. സർക്കാർ ഭൂമിയിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് അധികൃതർ റെയിഡിനെത്തിയത്. പരിശോധനയിൽ നാടൻ തോക്കും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച ചന്ദനമര ഉരുപ്പടികളും പിടികൂടി. പാണപ്പുഴ ആലിന്റെപാറയിലെ ഒരു ഷെഡിൽ നിന്നാണ് ഇവ കണ്ടെത്തിയത്. 9.900 കിലോ ചന്ദനം, ചെത്താൻ ബാക്കിയുള്ള 3.5 കിലോ, 27 കിലോ ചീളുകൾ, 15.300 കിലോഗ്രാം ചെറിയ ചീളുകൾ എന്നിവയാണ് പിടിച്ചെടുത്തത്. മൂന്ന് ചാക്കുകളിലായി പച്ചക്കറിയുടെ കൂടെയാണ് ചന്ദനമരത്തടി ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തോക്കും, മരംമുറിക്കാൻ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ തോക്ക് അഴിച്ചുകഷണങ്ങളാക്കിയ നിലയിലായിരുന്നു. ഇത് വനംവകുപ്പ് അധികൃതർ പരിയാരം പൊലീസിന് കൈമാറി. ഈ സംഘം രാത്രി ഇവിടെയുണ്ടായിരുന്നു. എക്‌സൈസ് സാന്നിധ്യം മനസിലാക്കിയ സംഘം ഇരുട്ടിൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഷെഡ് ഉടമയേയും അത് വാടകക്ക് എടുത്തയാളെയും ചോദ്യം ചെയ്യുമെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു.